കോതമംഗലം : സംസ്ഥാനത്തു വ്യാപക മഴ തുടരുന്നു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് പ്രവചനം. മഴ കനത്തതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ നിരോധിച്ചിട്ടുള്ളതിനാൽ ഈ മേഖലയിലേക്കുള്ള ഗതാഗതം ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കടലിൽ പോകരുതെന്നും അഭ്യർത്ഥിക്കുന്നു. ഈ സന്ദേശം നൽകുന്നതിന് ഫിഷറീസ് വകുപ്പിനെയും കോസ്റ്റൽ പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് എറണാകുളം കളക്ടർ ജാഫർ മാലിക് അറിയിച്ചു.
എറണാകുളം ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിരോധിച്ചു. മണ്ണെടുക്കൽ അടക്കമുള്ള മറ്റ് ഖനന പ്രവർത്തനങ്ങളും അനുവദിക്കില്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്ട്രോള് റൂമുകളില്‍ പരാതിപ്പെടാവുന്നതും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ഈ പരാതികളില്‍മേല്‍ നടപടി സ്വീകരിക്കുന്നതുമാണ്.