കോതമംഗലം: പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കപ്പ് ആദിവാസി കോളനിക്കാരും സർക്കാർ പ്രതിനിധികളും തമ്മിൽ ഇന്ന് കോതമംഗലത്ത് നടന്ന ചർച്ച പരാജയം. പന്തപ്രയിൽ പുനരധിവാസം ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ. സുരക്ഷിത താമസ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് സർവതും ഉപേക്ഷിച്ച് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇടമലയാറിൽ എത്തിയ 13 കുടുംബങ്ങളാണ് ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്നത്. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനാൽ എല്ലാവരും ഹോസ്റ്റൽ ഒഴിയണമെന്ന് സർക്കാർ നോട്ടീസ് നൽകിയെങ്കിലും പകരം ഭൂമി പന്തപ്രയിൽ ആവശ്യപ്പെട്ടുകൊണ്ട് ആദിവാസികൾ ഹോസ്റ്റലിൽ താമസിച്ച് സമരം തുടരുകയായിരുന്നു.
വെള്ളിയാഴ്ച മന്ത്രി K രാധാകൃഷ്ണൻ അറാക്കപ്പ് കോളനി സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്ന് കോതമംഗലം താലൂക്ക് ഓഫീസിൽ സമരക്കാരായ ആദിവാസികളുമായി ചർച്ച നടത്തിയത്. അറാക്കപ്പ് ആദിവാസി കോളനിയിലെ ശോച്യാവസ്ഥ പരിഹരിക്കാൻ മന്ത്രി നേരിട്ടെത്തി വിവിധ നടപടികൾ സ്വീകരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത വകുപ്പ് തല ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെങ്കിലും പന്തപ്രയിൽ ഭൂമി ലഭിച്ചാലേ ടൈബൽ ഹോസ്റ്റൽ ഒഴിയൂ എന്ന് ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ്റെ നേതൃത്വത്തിലുള്ള ആദിവാസി സംഘം ഉറച്ചു നിന്നു. തുടർന്ന് ഇവർ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
മുവാറ്റുപുഴ RDO അനി, ഇരിങ്ങാലക്കുട RDO ഹരീഷ്, കോതമംഗലം തഹസിൽദാർ റേച്ചൽ K വർഗീസ്, ട്രൈബൽ ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. പന്തപ്രയിൽ ഭൂമി ലഭിച്ചില്ലെങ്കിൽ മരിക്കേണ്ടി വന്നാലും ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ ഒഴിയില്ലെന്ന് ചർച്ച ബഹിഷ്കരിച്ച് പുറത്തു വന്ന ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ പറഞ്ഞു.