കോതമംഗലം : ഫയലിൽ നിന്നും വയലിലേക്ക് എന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ കേരളത്തിലെ കൃഷി വകുപ്പു മന്ത്രിയായിരുന്ന വി.വി രാഘവന്റെ 17-ാം മത് അനുസ്മരണം അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തി. മുൻ എം എൽ എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കർഷകക്ഷേമത്തിന് വേണ്ടിയുള്ള വിപുലമായ പദ്ധതികൾ വിഭാവനം ചെയ്ത വ്യക്തിയാണ് വി വി രാഘവനെന്ന് എൽദോ എബ്രഹാം പറഞ്ഞു. രാജ്യത്തു ഉൽപാദിക്കുന്ന
കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനുള്ള അവകാശം കർഷകനുണ്ട്. എന്നാൽ കർഷകന് മതിയായ വില നൽകാനുള്ള സാഹചര്യം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.
കർഷകരുടെ സംഘടിത സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ശ്രമിക്കുന്നത്. സമര മുഖത്ത് നിന്ന് പിൻമാറിയാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയിലാണ് കർഷകർ. ലക്ഷ്യം നേടും വരെ സമരവുമായി കർഷകർ മുന്നോട്ട് പോകുമെന്നും എൽദോ എബ്രഹാം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ, കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി പ്രസാദ്, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി ടി ബെന്നി, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, എം എസ് ജോർജ്ജ് ,എം കെ രാമചന്ദ്രൻ ,ശാന്തമ്മ പയസ്സ്,നിതിൻ കൃര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.