കോതമംഗലം: പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് മുസ്ലിം ലീഗ് നെല്ലിക്കുഴിപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് 2018ൽ നിർമ്മാണം ആരംഭിച്ച പ്ലാമുടി – ഊരം കുഴി റോഡ് നിർമ്മാണം കരാറുകാരനു വേണ്ടി ഇരുമലപ്പടിയിൽ അവസാനിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരും സ്ഥലം എം എൽ എ യും തമ്മിലുള്ള ഒത്ത് കളി അവസാനിപ്പിച്ച് എത്രയും വേഗം ഈ റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും മുസ്ലിം ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ നിന്നും ആരംഭിച്ച് കോട്ടപ്പടി പാനി പ്രഇരുമലപ്പടി -ഊരംകുഴി വരെ, ബിഎം, ബിസി & സി ഡി നിലവാരത്തിലുള്ള റോഡിന് 16.653 കി മീറ്റർ ദൂരമാണുള്ളത്.
കിഫ്ബി യിൽ ഉൾപെടുത്തി 23 കോടി രൂപയാണ് നിർമ്മാണ ചിലവ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി 2018 ആഗസ്റ്റ് ഒന്നിന്.വി കെ ജെ ഗ്രൂപ്പുമായി കരാർ ഒപ്പിട്ട് നിർമ്മാണം തുടങ്ങിയതാണ്.12 മാസമായിരിന്നു നിർമ്മാണ പൂർത്തീകരണ കാലാവധി വർഷങ്ങൾക്ക് ശേഷവും പ്ലാമുടി മുതൽ ഇരുമലപ്പടി വരെയുള്ള 10.500 കി.മീറ്റർ ദൂരം ഭാഗികമായ പണികളാണ് പൂർത്തീകരിച്ചത്.ബാക്കി നെല്ലിക്കുഴി പഞ്ചായത്തിൽ കൂടി കടന്ന് പോവുന്ന ആറ് കി.മീറ്റർ ഭാഗത്ത് റോഡിന് ആവശ്യമായ വീതി ഇല്ലന്നും അഞ്ച് മീറ്ററിൽ താഴെ ഉള്ളുവെന്നും കാണിച്ച് കോതമംഗലം എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്. റോഡിന് വീതി കുറവാണന്ന് പറയപ്പെടുന്ന ഭാഗങ്ങളിൽ വീതി കൂട്ടുന്നതിനുള്ള ഒരു ഇടപ്പെടലും നടത്തിയിട്ടില്ല.
ഈ റോഡ് കടന്ന് പോകുന്ന ഭാഗങ്ങളിൽ ഭൂമി വിട്ട് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ തർക്കങ്ങളൊ, കോടതി വ്യവഹാരങ്ങളൊ നിലവിലില്ല. ഏതെങ്കിലും വകുപ്പുകളുടെ സർവ്വേ റിപ്പേർട്ടുകളൊന്നും ഇല്ലാതെ തന്നെ എം എൽ എ പ്രസ്തുത റോഡിന് 5 മീറ്ററിൽ താഴെ മാത്രമേ വീതിയുള്ളുവെന്ന് റിപ്പോർട്ട് നൽകുന്നത് കരാറുക്കാരനെ സഹായിക്കുന്നതിന് വേണ്ടിയാണ്, പ്രസ്തുത റോഡിന് വീതി കുറവാണെന്ന് അവകാശപ്പെടുന്ന എം എൽ എ യും വകുപ്പ് ഉദ്യോഗസ്ഥരും 16.653 കി മീറ്റർ ദൂരമുള്ള റോഡ് നിർമ്മാണത്തിന് 23 കോടി രൂപയുടെ ഭരണാനുമതിയും, സാങ്കേതികാനുമതിയും വാങ്ങിയെടുത്ത് ടെൻഡർ നടപ്പടികൾ പൂർത്തീകരിച്ച് കരാറുകാരനുമായി എഗ്രിമെൻ്റ് വെക്കുകയും ചെയ്തിട്ടുള്ളത് നിയമ പ്രകാരമല്ലേയെന്ന് നെല്ലിക്കുഴിയിലെ ജനങ്ങളോട് വ്യക്തമാക്കണം.
എട്ട് മീറ്റർ വീതിയുള്ള റോഡുകൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ പ്രസ്തുത റോഡിലെ നെല്ലിക്കുഴി മുതൽ ഊരംകുഴി വരെയുള്ള ഭാഗങ്ങളിൽ അഞ്ച് മീറ്ററിൽ താഴെയാണ് വീതി എന്ന് കാണിച്ച് സ്ഥലം എം എൽ എ നിയമസഭ സമ്മേളത്തിൽ സബ്മിഷനിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി തകർന്ന് കിടക്കുന്ന കാൽനടയാത്ര പോലും ദുഷ്കരമായിട്ടുള്ള പ്ലാമുടി -ഊരംകുഴി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് നെല്ലിക്കുഴി പഞ്ചായത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപെട്ടു. മുസ്ലിം ലീഗ്‌ജനറൽ സെക്രട്ടറി പി എം ഷെമീർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ്, പി എ ഷിഹാബ്, കെ എം ആസാദ്, വാസിഫ് ഷാഹൂൽ തുടങ്ങിയവർ സംസാരിച്ചു.