കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ ലക്ഷം വീട് കോളനിയിൽ RDO യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടിയിൽ 28 ഓളം കുടുംബങ്ങൾ താമസിച്ചുവരുന്ന നാല് സെൻ്റ് ലക്ഷം വീട് കോളനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് വീടുകളുടെ സംരക്ഷണ ഭിത്തികൾ തകർന്നിരിക്കുകയാണ്. നൂറു കണക്കിന് അടി ഉയരത്തിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. മലഞ്ചെരിവിന് സമാനമായ ഇവിടെ മണ്ണിടിച്ചിൽ വ്യാപകമായി തുടരുകയാണ്. പല വീടുകളും മണ്ണിടിഞ്ഞ് ഏതു സമയത്തും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.
റവന്യൂ ഡിവിഷണൽ ഓഫീസർ പി. എൻ. അനി, കോതമംഗലം താഹസീൽദാർ റേച്ചൽ. കെ. വർഗീസ്, ഡെപ്യൂട്ടി താഹസീൽദാർ ഗിരീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥല പശോധന നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി KA, വാർഡ് മെമ്പർ രേഖ രാജു എന്നിവരും കോളനിയിലെത്തിയിരുന്നു.