കോട്ടപ്പടി: കോട്ടപ്പടിയിലെ പ്ലാമുടിയിലുള്ള മിനി വിജയൻ എന്ന കർഷകയുടെ 800 ഏത്തവാഴകളാണ് ഒറ്റ ദിവസം കൊണ്ട് നാമാവശേഷമായത്. മുപ്പതോളം കാട്ടാനകളാണ് കൂട്ടത്തോടെ കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റുമുള്ള ഇലക്ട്രിക് ഫെൻസിങ് പൂർണ്ണമായും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. വാഴ കൂടാതെ മുഴുവൻ സ്ഥലത്തും ചെയ്ത കൂർക്ക കൃഷിയും പൂർണ്ണമായി നശിച്ചു. പാട്ടത്തിനെടുത്ത കൃഷിയായതുകൊണ്ടുതന്നെ ഭീമമായ നഷ്ടമാണ് സംഭവിച്ചതെന്ന് മിനി വിജയൻ അറിയിച്ചു.
കൃഷി നാശം ഉണ്ടായ പ്രദേശം കർഷകയോടൊപ്പം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ ബെൽസി ബാബു, കൃഷി അസിസ്റ്റൻറ് രഞ്ജിത് പി.എസ് തുടങ്ങിയവർ സന്ദർശിച്ചു. ഇൻഷ്വർ ചെയ്ത വിളകളായതുകൊണ്ട് കൃഷി വകുപ്പു വഴിയുള്ള സാമ്പത്തിക സഹായം ഉടനെ ലഭ്യമാക്കുമെന്ന് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.