കോതമംഗലം : രാജ്യത്തെ മികച്ച കോളേജുകളിൽ ഒന്നായിമാറിയതിന്റെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റുഷനൽ റാങ്കിങ്ങ് ഫ്രെയിം വർക്ക് -എൻ ഐ ആർ എഫ് ) രാജ്യത്തെ മികച്ച 86 മത്തെ കോളേജായി കോതമംഗലം മാർ അത്തനേഷ്യസ് തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 15000ൽ പരം കോളേജുകളിൽ നിന്നാണ് ആദ്യ 100ൽ ഇടം നേടി മാർ അത്തനേഷ്യസ് തിളക്കമാർന്ന നേട്ടം കൈവരിച്ചത് .വിവിധ സർവകലാശാലകളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിങ്ങിനായി എം എച്ച് ആർ ഡി രൂപീകരിച്ച കോർ കമ്മിറ്റിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
പാഠ്യ -പാഠ്യതര പ്രവർത്തനങ്ങളിൽ ഒരേ സമയം മികവ് പുലർത്തിയതിലൂടെയാണ് ദേശീയ തലത്തിൽ അംഗീകരിക്കപെടുന്ന നിലയിലേക്ക് മാർ അത്തനേഷ്യസ് കോളേജ് വളർന്നത്. അധ്യാപനം, പഠനം, വിഭവങ്ങൾ,ഗവേഷണ, പ്രൊഫഷണൽ പരിശീലനങ്ങൾ,ബിരുദ -ബിരുദാനന്തര ഫലങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനങ്ങൾ,പഠന സൗകര്യങ്ങൾ എന്നിവയെല്ലാം എം. എ. കോളേജിന് ആദ്യ 100ൽ ഇടംപിടിച്ച് മികച്ച റാങ്ക് നേടാൻ സഹായകമായി. 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും,13 ബിരുദ പ്രോഗ്രാമുകളും, 2 യു ജി സി അംഗീകാര ബി വോക് പ്രോഗ്രാമും, ഒരു 5വർഷ ഇന്റഗ്രേറ്റഡ് കോഴ്സും,4 ഗവേഷണ പ്രോഗ്രാമുകളും നിലവിൽ കോളേജിൽ ഉണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾ, കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്വയം ഭരണ കോളേജിനെ തേടിയെത്തിയിട്ടുണ്ട്. അധ്യാപകരും,അനധ്യാപകരും, വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് പറഞ്ഞു.