കോതമംഗലം : കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർത്ഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് മികച്ച രീതിയിൽ അന്വഷണം നടത്തിയതിന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനും ടീമിനും ആദരം. ഇന്ദിരാ ഗാന്ധി ഡെന്‍റല്‍ കോളേജ് അധികൃതരും, പി.ടി.എ ഭാരവാഹികളും, ജനപ്രതിനിധികളും ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്ക്, മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, കോതമംഗലം എസ്.എച്ച്. ഒ വി.എസ്.വിപിൻ എന്നിവരെ ആദരിച്ചത്. കോളേജ് ചെയർമാൻ കെ.എം. പരീത് മെമന്‍റോ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് , പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലത്തെ ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. രഖിലിന് തോക്ക് നൽകിയ ബീഹാർ മുൻഗർ പർസന്തോ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ, രഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.