കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്. 9 വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയുടെ ജഡം പുൽമേടിലും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം 150 മീറ്റർ അകലെ പാറയിടുക്കിനു സമീപവുമാണ് കിടന്നിരുന്നത്.
മലയാറ്റൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലക സംഘം ജഢാവശിഷ്ടങ്ങൾ ശേഖരിച്ചു.വെറ്റിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി ജഡങ്ങൾ വനത്തിൽ സംസ്കരിച്ചു. മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാം മരണകാരണമെന്നാണ് സൂചന.
വനം വകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്. ജഡങ്ങള്‍ക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആനയും കടുവയും വ്യത്യസ്ത ദിവസങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് സംഘത്തോടൊപ്പം സംഭവസ്ഥലം സന്ദർശിച്ച കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി പറഞ്ഞു.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻