കോതമംഗലം: വന്യജീവി ആക്രമണം തടയുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിനെ ഡീൻ കുര്യാക്കോസ് എം.പി. നേരിൽ കണ്ട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യാവുന്ന പ്രവർത്തികളുടെ പട്ടികയിൽ നിലവിൽ ട്രഞ്ച് കുഴിക്കുന്നത് ഉൾപ്പെട്ടിട്ടില്ലായെന്നും നേരത്തേ 2010-വരെ ഇത് അനുവദിച്ചിരുന്നു. തുടർന്ന് വനംവകുപ്പിൻറെ കർശനമായ വിലക്ക് മൂലമാണ് പ്രസ്തുത ജോലികൾ സാധ്യമാകാത്തതെന്നും എം.പി. പറഞ്ഞു.
കേരളത്തിൽ കാട്ടാന ശല്യം പെരുകുകയും, വന്യജീവി ആക്രമണങ്ങൾ കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കോതമംഗലം ഉൾപ്പെടെ ഇടുക്കി ജില്ല പൂർണ്ണമായും, വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. 350 കി.മി.യിലധികം അതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ കടുത്ത ആക്രമണം പതിവാണ്. ഇത്തരം സാഹചര്യത്തിൽ ട്രഞ്ച് കുഴിക്കുന്നതിനുളള അനുമതി ലഭിച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളായി ചെയ്യാവുന്നതാണെന്നും എം.പി. മന്ത്രിയെ ബോധ്യപ്പെടുത്തി.
മാത്രവുമല്ല തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും വഴി വെയ്ക്കുമെന്നും എം.പി. ചൂണ്ടികാണിച്ചു. ഇത് സംബന്ധിച്ച് നിരന്തര ആവശ്യം പരിഗണിച്ച് അനുഭാവ പൂർണ്ണമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി ഡീൻ കുര്യാക്കോസിനെ അറിയിച്ചു.