കോതമംഗലം : കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടതിനെത്തുടർന്ന് കോതമംഗലം എക്സൈസ് റൈഞ്ചിലെ നാല് ഗ്രൂപ്പുകളിലെ കള്ളുഷാപ്പുകൾ പൂട്ടി. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ പരിശോധനയിൽ തെങ്ങിൻ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടതിനെത്തുടർന്നാണ് നടപടി. 5, 6, 8, 9 ഗ്രൂപ്പുകളിലെ ഷാപ്പുകൾക്കെതിരെയാണു നടപടി. നഗരസഭയുടെ കിഴക്കൻ മേഖലയിലെയും കവളങ്ങാട്, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെയും ഷാപ്പുകളാണ് അടച്ചത്. കുട്ടമ്പുഴ കോതമംഗലം റെയിഞ്ചുകളിലെ 21 കള്ള് ഷാപ്പുകളിൽ കള്ളിൽ മായം കലർന്നതായിട്ടുള്ള എക്സൈസിൻ്റെ ലാബ് പരിശോധന ഫലം കള്ള് വ്യവസായത്തെ തകർക്കാനുള്ള രഹസ്യ നീക്കമാണന്നും , വിദേശ മദ്യ വ്യവസായത്തെ സഹായിക്കാനുള്ള നീക്കമാണന്നും വിവിധ യൂണിയനുകൾ ആരോപച്ചു.
പാലക്കാടിൻ്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ ചെത്തിയെടുക്കുന്ന കള്ളാണ് കോതമംഗലം കുട്ടമ്പുഴ റെയിഞ്ചുകളിൽ വിൽപ്പന നടക്കുന്നതെന്നും , യാതൊരു വിധ മായവും കള്ളിൽ ചേർക്കാറില്ലന്നും , 2020 നവംബറിൽ നടന്ന പരിശോധനയുടെ ഫലം ഇപ്പോൾ പുറത്ത് വിട്ട് ഓണക്കാലത്ത് തൊഴിലാളികളെ ഉപദ്രവിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടി യു ) സെക്രട്ടറി കെ എ പ്രഭാകരൻ , റ്റോഡി ഷോപ്പ് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) സെക്രട്ടറി കെ എ ജോയി , താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (എ ഐ ടി യു സി ) പ്രസിഡൻ്റ് അഡ്വ ജ്യോതി കുമാർ , താലൂക്ക് റ്റോഡി വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) പ്രസിഡൻ്റ് പി എം ശിവൻ , ജില്ലാ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (ബി എം എസ് ) പ്രസിഡൻ്റ് ഇ കെ ചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിലറിയിച്ചു.
കഴിഞ്ഞ നവംബറിലെടുത്ത സാമ്പിൾ പരിശോധനയിൽ കള്ളിൽ മായം കലർന്നതായിട്ടുള്ള ലാബ് റിപ്പോർട്ടിൽ ക്രമക്കേട് നടന്നതായും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് റ്റോഡി ഷോപ്പ് ലൈസൻസ്ഡ് അസോസിയേഷൻ പ്രസിഡൻ്റ് എൽദോസ് കെ തോമസ് ആവശ്യപ്പെട്ടു.