കോതമംഗലം: വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ പ്രവാസി വിഷമിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസിയായ പുലിക്കുന്നേപ്പടി കൊടത്താപ്പിള്ളി നജീബിന് സർട്ടിഫിക്കറ്റിൽ രണ്ട് വാക്സിനും ഒരേ ദിവസം സ്വീകരിച്ചതായി കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. നജിബ് മാർച്ച് 18 ന് കോവി ഷിൽഡ് ആദ്യ ഡോസ് സ്വീകരിക്കുകയും ഏപ്രിൽ 15 ന് രണ്ടാം ഡോസ് സ്വീകരിക്കുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ രണ്ട് ഡോസും സ്വീകരിച്ചത് ഏപ്രിൽ 15 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെറ്റായ വിവരം ചേർത്തത് തിരുത്തുന്നതിനായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തിരുത്തൽ സാധ്യമല്ല എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിരിക്കുകയായിരുന്നു. സൗദിയിലെ അൽ ഹസ്സയിൽ ജോലി ചെയ്യുന്ന നജീബ് നാട്ടിലെത്തിയിട്ട് ഒരു വർഷമായി. എത്രയും വേഗം തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് കാരണം സൗദിയിലേക്ക് മടങ്ങാനാകാതെ വിഷമിക്കുന്നത്. പേര് അടക്കം മറ്റ് തിരുത്തലുകൾ വരുത്താൻ സാധ്യമാണെങ്കിലും വാക്സിൻ സ്വീകരിച്ച തിയ്യതികൾ തിരുത്താൻ കഴിയാത്ത വിധമാണ് സെെറ്റ് സജ്ജമാക്കിയിരിക്കുന്നത്.
സർട്ടിഫിക്കറ്റ് തിരുത്തി കിട്ടിയില്ലെങ്കിൽ തൻ്റെ ജീവിതം തകിടം മറിയുന്ന സ്ഥിതിയിലാണെന്ന് ഈ പ്രവാസി പറയുന്നു. ഗൾഫിൽ നിന്നെത്തി മറ്റൊരു ദിവസം വാക്സിൻ സ്വീകരിച്ച തൻ്റെ സുഹൃത്തിനും ഇത്തരത്തിൽ സർട്ടിഫിക്കറ്റിൽ തെറ്റായ തിയ്യതിയാണ് നൽകിയിരിക്കുന്നതെന്ന് നജീബ് പറഞ്ഞു.