ഇടുക്കി : ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവാകുന്നു. അടിമാലി, മൂന്നാര്‍ മേഖലകളിൽ കനത്ത മഴ കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ അടിമാലി, മൂന്നാര്‍ പ്രാദേശങ്ങളിൽ കനത്ത മഴ. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡിന്റെ മുകള്‍ ഭാഗത്തു നിന്നും വലിയ തോതില്‍ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മഴക്കാലമാരംഭിച്ചതു മുതല്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും നേരിയ തോതില്‍ ഇവിടെ മണ്ണിടിഞ്ഞിരുന്നു. മഴ കനത്താല്‍ പ്രദേശത്ത് കൂടുതലായി മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
മൂന്നാര്‍ മറയൂര്‍ റോഡിലും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. എട്ടാംമൈലിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. റോഡിന്റെ മുകള്‍ ഭാഗത്തു നിന്നും മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയാണുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ റോഡിലും ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ചിന്നപ്പാറക്കുടി റോഡില്‍ വൈദ്യുതി പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ടു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. പള്ളിവാസല്‍ ഹെഡ് വര്‍ക്ക്സ്, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴ, നല്ലത്തണ്ണി, മുതിരപ്പുഴ, കന്നിമലയാര്‍ തുടങ്ങി അടിമാലി, മൂന്നാര്‍ മേഖലകളിലെ പുഴകളിലൊക്കെയും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഈ മേഖലകളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തിപ്പോരുകയാണ്.