Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിലെ കാട്ടാന ശല്ല്യം രൂക്ഷമായ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സന്ദർശിച്ചു

കോതമംഗലം: കാട്ടാന ശല്ല്യം അതി രൂക്ഷമായ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശങ്ങൾ പ്രതി പക്ഷ നേതാവ് വി. ഡി. സതീശൻ സന്ദർശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ഭീതിയുടെ നിഴലിൽ ജീവിക്കുന്ന കർഷകരുടെ നൊമ്പരം അറിഞെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.

കോതമംഗലം താലൂക്കിലെ പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി പഞ്ചായത്തുകളിലെ കർഷകർക്കാണ് കാട്ടാന ഭീഷണിയാകുന്നത്. കാട്ടാനശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിച്ചു പോകുകയാണ് കർഷകർ. കൊക്കോ, അടക്കാമരം, തെങ്ങ്, റബർ, വാഴ തുടങ്ങിയ വിളകളെല്ലാം കാട്ടാനക്കൂട്ടം പതിവായി നശിപ്പിക്കുകയാണ്. പശു, ആട്, പോത്ത് തുടങ്ങിയ എണ്ണമറ്റ വളർത്തുമൃഗങ്ങളെ കാട്ടാനകൾ കൊന്നൊടുക്കിയിട്ടുണ്ട്. രാത്രിയോ പകലോ എന്ന വിത്യാസമില്ലാതെയാണ് കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇത് മൂലം സംഭവിക്കുന്നത്. എന്നാൽ കൃത്യമായ നഷ്ട പരിഹാരം ലഭിക്കാത്തതു മൂലം കർഷകർ വലയുകയാണ്.

50 ലക്ഷം രൂപ നേരത്തെ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും തുക ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കർഷകർ പ്രതിപക്ഷ നേതാവിനോട് പരാതിപ്പെട്ടു. ഒട്ടേറെ പേർ കൃഷി ഉപേക്ഷിച്ച് നാടുവിട്ടു പോയി.

കൃഷിക്ക് മാത്രമല്ല മനുഷ്യ ജീവനും കാട്ടാന ഭീഷണിയാണ്. കഴിഞ്ഞ ബുധനാഴ്ച ഇടമലയാറിന് സമീപം ദീപു എന്ന കെ എസ് ഇ ബി ജീവനക്കാരൻ കാട്ടാനയുടെ കാൽചുവട്ടിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. വൈദ്യുത വേലി ഫലപ്രദമല്ലെന്നാണ് വനം വകുപ്പ് ഇപ്പോൾ പറയുന്നത്. കാട്ടാന ശല്യം ഒഴിവാക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരോട് സതീശൻ ആരാഞ്ഞു.

32 കോടി രൂപ ചിലവിൽ ഉരുക്കു വേലിയും ആന മതിലും കിടങ്ങും സ്ഥാപിക്കാൻ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു. ഉൾവനങ്ങളിൽ ആനയ്ക്കു വേണ്ട ഭക്ഷ്യ വിഭവങ്ങളുടെ കുറവാണ് ഭക്ഷണം തേടി ആനകൾ കാടിറങ്ങാൻ പ്രധാന കാരണം. ഈ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനം. യുഡിഎഫ് നേതാക്കളായ ഷിബു തെക്കുംപുറം, കെ.പി. ബാബു, ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, പി.എ.എം. ബഷീർ, എബി.എബ്രാഹാം എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു.

You May Also Like