കോതമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പല്ലാരിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു.
പെന്‍സില്‍ ഡ്രോയിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സാബിത്തിനെയും സാബിത്തിന്റെ കഴിവുകളെ പുറംലോകത്തെത്തിച്ച യുവ മാധ്യമപ്രവര്‍ത്തകന്‍ യൂസുഫ് പല്ലാരിമംഗലത്തെയുമാണ് ആദരിച്ചത്. പല്ലാരിമംഗലം പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് സാബിത്തിനും വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ദേശാഭിമാനി ഏരിയാ ലേഖകന്‍ യൂസുഫ് പല്ലാരിമംഗലത്തിനും മൊമന്‍േറാ നല്‍കി. പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സാബിത് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി പഠിപ്പിക്കുന്ന അധ്യാപകരെ വരെ വരക്കുന്നതില്‍ മിടുക്കനാണ്. ഇതിനോടകം സാബിത്ത് 65 ഓളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായി പോത്താനിക്കാട് പഞ്ചായത്ത് നടത്തിയ മത്സരത്തില്‍ ഒന്നാമനുമായിരുന്നു സാബിത്ത്. മാവുടി പള്ളിപ്പടി മംഗലത്ത് ഫത്തഹുദ്ദീന്‍- നജീമ ദമ്പതികളുടെ മകനാണ് സാബിത്ത്. വാര്‍ത്തവന്ന ശേഷം നിരവധി സമ്മാനങ്ങള്‍ സാബിത്തിനെ തേടിയെത്തി. പല്ലാരിമംഗലം പഞ്ചായത്തില്‍ താമസിക്കുന്നവരുടെ കഴിവുകളെകുറിച്ച് വാര്‍ത്തയെഴുതി പുറംലോകത്തിന് പരിചയപ്പെടുത്തിയ ലേഖകന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന് അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കദീജമുഹമ്മദ് പറഞ്ഞു.
മലയാളം ഒരുക്കിയ ചെറുവനം, എന്റെ കടയിലെ 50 രൂപ ബിരിയാണി, മാവുടിയിലെ കുട്ടിക്കൂട്ടത്തിന്റെ അക്വേറിയം കട, വീടുകള്‍ അണുവിമുക്തമാക്കുന്ന ഹക്കീംഖാനും സംഘവും, കുടമുണ്ട പാലം, പൈലറ്റ് ലൈസന്‍സ് നേടിയ റൗഫിന്റെ സ്വപ്‌നങ്ങള്‍, സൈക്കിള്‍ യാത്ര നടത്തിയ അഫ്‌നാസ് -അമീന്‍, ഷെഹര്‍ബാനുവിന്റെ ചിത്രക്കുപ്പികള്‍, പുസ്തകദിനത്തില്‍ ശ്രദ്ധേയരായ സുമതിയമ്മ- അക്ബര്‍ അലി- ആമിന ഇസ്മയില്‍, പരിമിതിയില്‍ പതറാത്ത നസ്ബിന്‍ സുല്‍ത്താന തുടങ്ങിയവയെല്ലാം പല്ലാരിമംഗലം കേന്ദ്രീകരിച്ച് ലേഖകന്റെ റിപ്പോര്‍ട്ടുകളാണ്.
ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീന്‍, പോത്താനിക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് അനില്‍ അബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം അബ്ദുല്‍ കരീം, മുന്‍ വാര്‍ഡ് അംഗം എ പി മുഹമ്മദ്, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോഡിനേറ്റര്‍ ഹക്കീം ഖാന്‍, മുന്‍ കോഡിനേറ്റര്‍ സ്വലാഹ് കെ കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.