കോതമംഗലം : ലോക് ഡൗണിൽ പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് കൈത്താങ്ങുമായി കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ. കോവിഡ് 19 രൂക്ഷമായതിനെത്തുടർന്ന് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനോ, ന്യായമായ വില ലഭിക്കുവാനോ കടുത്ത പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഉദ്യോസ്ഥർ കർഷകർക്കൊരു കൈത്താങ്ങ് എന്ന പേരിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ ആദ്യ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളത്തെ വിവിധ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വിപണന പ്രവർത്തനം.
പല്ലാരിമംഗലം കൃഷിഭവനും മൈത്രി ഇക്കോ ഷോപ്പും ആദ്യ വിതരണത്തിന് നേതൃത്വം നൽകി. തനി നാടൻ ഉൽപ്പന്നങ്ങളായ കപ്പ, പൈനാപ്പിൾ, എന്നിവയും ഇവയ്ക്ക് പുറമെ ആവശ്യമനുസരിച്ച് നേന്ത്രൻ, പൂവൻ, ഞാലിപ്പൂവൻ എന്നിവയും നൽകുന്നുണ്ട്. വാട്സപ്പ് മുഖേന ഓർഡറുകൾ സ്വീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. കോതമംഗലം ബ്ലോക്കിലെ പല്ലാരിമംഗലം, കോതമംഗലം കൃഷിഭവനുകൾക്കാണ് പ്രവർത്തന ചുമതല.
5 കിലോ പൈനാപ്പിളും 3 കിലോ കപ്പയും ഉൾപ്പെടുന്ന 150 രൂപയുടെ കിറ്റ് ആണ് വിതരണം നടത്തുന്നത്. ആദ്യ ലോഡ് 160 കിറ്റുകളാണ് കയറ്റി വിട്ടത്. ഉദ്ഘാടന ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്തു പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മയിൽ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ ജാസ്മിൻ തോമസ് ,കൃഷി ഉദ്യോഗസ്ഥരായ ഷുക്കൂർ എ.എം, ജിംസിയ യു.എ, മൈത്രി ഇക്കോ ഷോപ്പ് ഭാരവാഹികളായ് ടി.എം മൂസ, ഫരീദുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.