കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കാട്ടു പാതകൾ താണ്ടി യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ആദിവാസി ഊരുകളിൽ പ്രചാരണം നടത്തി. കുട്ടമ്പുഴയിൽ നിന്നു പത്ത് കിലോമീറ്റർ കാനന പാതയുടെ സഞ്ചരിച്ച് എത്തിയ മാമലക്കണ്ടത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. എളബ്ലാശ്ശേരിക്കുടിയിലെ മുതിർന്ന വനിത കുപ്പാൾ കണക്കൻ, മുളം തണ്ടിൽ നിറച്ച കാട്ടുപൂക്കൾ നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. മേട്നപാറ, താലിപ്പാറ, പന്തപ്ര, പിണുർക്കുടി ഊരുകളും സ്ഥാനാർഥി സന്ദർശിച്ചു. നിബിഢ വനമേഖലയായ വാരിയം കുടിയിൽ നിന്ന് കാട്ടാന ശല്യത്തെ തുടർന്നു മാറ്റി പാർപ്പിച്ച ആദിവാസികളാണ് പന്തപ്രയിൽ വസിക്കുന്നത്.
ഇവർക്ക് ഓരോരുത്തർക്കും അനുവദിച്ച രണ്ടേക്കർ ഭൂമി, കൃഷിക്ക് ഉപയുക്തമാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
മാമലക്കണ്ടത്തു നിന്നുള്ള മടക്കയാത്രയിൽ കാട്ടുപാതയിൽ കണ്ടുമുട്ടിയ ആദിവാസികൾക്ക് പറയാനുണ്ടായത് കാട്ടാന ശല്യത്തെ കുറിച്ചാണ്. ഉൾവനത്തിൽ നിന്നു തേൻ ശേഖരിക്കുന്ന തൊഴിലാളികളാണവർ.
ചാമപ്പാറ, ഉരുളൻതണ്ണി എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് പ്രവർത്തകരെ കണ്ട് വോട്ട് അഭ്യർഥിച്ചു. കുട്ടമ്പുഴ ടൗൺ, വടാട്ടുപാറ എന്നിവിടങ്ങളിലും പ്രചാരണം നടത്തി. ഫ്രാൻസീസ് ചാലിയിൽ, കെ.എ. സിബി, ശാന്തി വെള്ളക്കയൻ, അഡ്വ.കെ.ഐ.ജേക്കബ്, ബേബി മൂലൻ, ശ്രീജ സജി, പി.പി.ജോഷി, ആഷ് വിൻ ജോസ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.