കോതമംഗലം: കോതമംഗലത്ത് ഇക്കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നെല്ലിക്കുഴി, കീരംപാറ പ്രദേശങ്ങളിൽ കനത്ത കൃഷി നാശം ഉണ്ടായി. നെല്ലിക്കുഴി പഞ്ചായത്തിൽ ഇബ്രാഹിംകുട്ടി പാലക്കാട്ടുപറമ്പിൽ, കാസിം മുണ്ടക്കൽ, സുരേഷ് പാറക്കൽ
റഷീദ് അക്കാലമറ്റം തുടങ്ങി പത്തു കർഷകരുടെ രണ്ടായിരത്തോളം ഏത്തവാഴകൃഷി നശിച്ചു.
നെല്ലിക്കുഴി കൃഷി ഉദ്യോഗസ്ഥരായ റഷീദ് ടി.എം, ഷാഹിമോൾ സി.എം, ഏലിയാസ് എൻ. എം എന്നിവർ കൃഷിനാശം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ഏകദേശം 12 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നു. കീരംപാറ കൃഷിഭവൻ പരിധിയിൽ ആറു പേരുടെ കുലച്ചതും അല്ലാത്തതുമായി 520 വാഴകൾ നശിച്ചു. കൃഷി അസിസ്റ്റൻ്റ് ബേസിൽ വി. ജോൺ കൃഷിയിടങ്ങൾ സന്ദർശിച്ച് മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തി. കൃഷിനാശം സംഭവിച്ച മറ്റു കർഷകർ ഉടനെ അതാതു കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി അസിസ്റ്റൻ്റ്റ് ഡയറക്ടർ അറിയിച്ചു.