കോതമംഗലം: കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസുകൾ നിർത്തുന്നില്ല എന്നാരോപിച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി/എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളാണ് ബസ് തടഞ്ഞത്. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും ദേശീയപാതയിൽ രണ്ട് മണിക്കൂറിലധികം ഗതാഗത തടസ്സവും ഉണ്ടായി. നിലവിൽ 100 മീറ്റർ മാറി ചിറപ്പടിയിലും പുതുപ്പടിയിലുമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കോളേജിന്റെ തൊട്ടു മുന്നിൽ സ്റ്റോപ്പ് വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. നിലവിൽ ബസ് തടഞ്ഞു സർവിസ് മുടക്കിയതിനും, വഴി തടഞ്ഞതിനും വിദ്യാർത്ഥികൾക്കെതിരെ കേസ് നൽകിയിട്ടുണ്ട്. പലവട്ടം ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു. ബസ് തടയാൻ വന്നവരുടെ കയ്യിൽ കല്ലും മറ്റും ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.