കോതമംഗലം : തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകന്‍ ഡോ.ജോ ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോ ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്. കോതമംഗലം സ്വദേശി കൂടിയാണ് ഡോക്ടർ ജോ എന്നത് തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന് 20-20 കണക്ക് കൂട്ടുന്നു.
ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. സംവരണമണ്ഡലമായ കുന്നത്തുനാട്ടിൽ കോണ്‍ഗ്രസിൻ്റെ വി.പി.സജീന്ദ്രനാണ് നിലവിലെ എംഎൽഎ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. ഒന്നേകാൽ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്ൻ്റെ ആദ്യത്തെ രണ്ട് ദിവസത്തിൽ തന്നെ സംഘടനയിൽ ചേര്‍ന്നുവെന്നാണ് ട്വൻ്റി 20 ഭാരവാഹികൾ വ്യക്തമാക്കുന്നത്. കൂടുതൽ ആളുകൾ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവിൽ സംഘടന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.