കോട്ടപ്പടി : മലയോര ഹൈവേയുടെ ഭാഗമായ കോട്ടപ്പടി – ചേലാട് റോഡിൽ ഉപ്പുകണ്ടം ജംഗ്ഷനിൽ ടോറസുകൾ കൂട്ടിയിടിച്ചത്. മലയോര പാതയുടെ ഭാഗമാണെങ്കിലും വീതി കുറഞ്ഞ റോഡിലൂടെ അമിതഭാരവുമായി ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇടിച്ച വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.വ്യഴാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. ഭാരവാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാറമടയിൽനിന്ന് കരിങ്കല്ല് കയറ്റിയ ലോറിയും പാറമടയിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് ഉപ്പുകണ്ടത്ത് നിന്നും ചേലാട് പോകുന്ന ജംഗ്ഷനിലെ വളവ് തിരിയുന്നതിനിടെ കൂട്ടിയിടിച്ചത്. മാലിപ്പാറയിലെ പാറമടകളും ക്രഷറുകളുമായി ബന്ധപ്പെട്ട് ഓടുന്ന ലോറികളാണ് ഭൂരിഭാഗവും.
മലയോര ഹൈവേയുടെ ഭാഗമായി പത്ത് വർഷം മുൻപ് ഉയർത്തപ്പെട്ട ഗ്രാമീണ റോഡിൽ വാഹനങ്ങളുടെ ബാഹുല്യം കൂടിയെങ്കിലും ഹൈവേയുടെ നിലവാരത്തിൽ വളവ് നിവർത്തലും വീതി കൂട്ടലും നടത്താത്തതും അപകടത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് സൈക്കിളും ടോറസും തമ്മിൽ കൂട്ടിയിടിച്ചു ഒരു നാട്ടുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു. കോതമംഗലം മണ്ഡലത്തിന്റെ കീഴിൽ വരുന്ന കോട്ടപ്പടി മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയുടെ നവീകരണത്തിനായി കോടികൾ അനുവദിച്ചെന്ന് വാർത്തകൾ പലകുറി വന്നെങ്കിലും പണി ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.