കോതമംഗലം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനായി ഏർപ്പെടുത്തിയിട്ടുള്ള “ഇൻസ്പയർ അവാർഡ് ” വാരപ്പെട്ടി പുല്ലാട്ട്മഠത്തിൽ ജോബിയുടെയും ജിജിയുടെയും മകൾ അൽമ അന്ന ജോബിക്ക് ലഭിച്ചു. അവാർഡ് നേടി വാരപ്പെട്ടി ഗ്രാമത്തിനാകെ അഭിമാനമായി മാറിയ അൽമയെ ബിജെപി പ്രവർത്തകരും നാട്ടുകാരും അനുമോദിച്ചു. ബിജെപി കോതമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റും വാരപ്പെട്ടി ഒൻപതാം വാർഡ് മെമ്പറുമായ പ്രിയ സന്തോഷ് പൊന്നാടയണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു. വേയ്സ്റ്റ് ടയർ റീസൈക്ലിഗ് എന്ന പ്രോജക്ടിനാണ് അവാർഡ് നേടിക്കൊടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.മുവാറ്റുപുഴ നിർമ്മല സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൽമ.
ഉപയോഗശൂന്യമായ ടയറുകളിൽ നിന്ന് ഇരുമ്പ് കമ്പിയും സൽഫറും നീക്കം ചെയ്ത് പൗഡർ രൂപത്തിലാക്കി തരം തിരിച്ചെടുത്ത് അതിൽ നിന്നും ബയോഗ്യാസും ട്രക്ക് ഓയിലും നിർമ്മിച്ചെടുക്കുന്ന പ്രക്രിയയായിരുന്നു അൽമ കണ്ടുപിടിച്ച പ്രൊജക്റ്റ്. പാവിംഗ്, വാൾ പാനലിങ്, തട്ടുകൃഷി നടത്തുന്നതിനുള്ളതും, ചതുപ്പ് നിലം ഉറപ്പുള്ളതാക്കി മാറ്റുന്നതുമായുള്ള ആശയങ്ങൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നതായിരുന്നു ആൽമയുടെ പ്രോജക്ടിന്റെ സവിശേഷതകൾ.
ഫോട്ടോ :കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇൻസ്പയർ അവാർഡ് നേടിയ അൽമ അന്ന ജോബിയെ വാരപ്പെട്ടി ഗ്രാമപഞ്ചാത്ത് അംഗം പ്രിയ സന്തോഷ് ആദരിക്കുന്നു.