കോതമംഗലം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് കോതമംഗലം താലൂക്കിൽ ഫെബ്രുവരി 18 വ്യാഴാഴ്ച എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയാണ് അദാലത്ത്. മന്ത്രിമാരായ ഇ പി ജയരാജൻ,ജി സുധാകരൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.നേരത്തെ കോതമംഗലം,മുവാറ്റുപുഴ,കുന്നത്തു നാട് എന്നീ 3 താലൂക്കുകളിലെ അദാലത്ത് ഒരുമിച്ചു നടത്തുവാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ പൊതു ജനങ്ങളുടെ സൗകര്യാർത്ഥം കോതമംഗലം താലൂക്കിന് മാത്രമായി എം എ കോളേജിൽ അദാലത്ത് പുന:ക്രമീകരിക്കുകയായിരുന്നു.
അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും,പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയില്‍ ലഭിക്കുന്ന പുതിയ പരാതികളില്‍ ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കും.സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും.പരാതിക്കാരൻ്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായത്തിനുള്ള അപേക്ഷകളും അദാലത്തിൽ സമർപ്പിക്കാം.
ധന സഹായത്തിനുള്ള അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിൽ ലഭിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് (ഒറിജിനൽ),റേഷൻ കാർഡ്,ആധാർ കാർഡ്,വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി കൂടി സമർപ്പിക്കണം.പ്രളയവുമായി ബന്ധപ്പെട്ട അപ്പീൽ അപേക്ഷകൾ, ലൈഫ് മിഷന്, പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കുന്നതല്ല. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ ലൈനായോ,അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ,കളക്ടറേറ്റിലോ, താലൂക്കിലോ,വില്ലേജ് ഓഫീസുകളിലോ നേരിട്ടെത്തിയും സമർപ്പിക്കാം.ഇനിയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കായി അദാലത്ത് നടക്കുന്ന ദിവസം നേരിട്ട് അപേക്ഷ സമർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.