കോതമംഗലം : ശാപമോഷം കിട്ടാത്ത ഒരു റോഡ് ആണ് മാലിപ്പാറ – ചേലാട് റോഡ്. മലയോര പാതയാണെങ്കിൽ കൂടി എന്നും ഈ റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. തുടരെ തുടരെ പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം നാടോടി പാലത്തിനു സമീപം രണ്ടിടത്താണ് കുടി വെള്ള പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് ശുദ്ധ ജലം പാഴായി പോയത്. ഭാര വാഹനങ്ങളുടെ അമിത ഓട്ടം മൂലമാണ് പൈപ്പുകൾ പൊട്ടുന്നതെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
ടിപ്പർ, ടോറസ് മുതലായ നിരവധി ഭാരവാഹനങ്ങളാണ് കരിങ്കല്ല്, മെറ്റൽ, പറ മണൽ എന്നിവയുമായി ഈ മലയോര പാതയിലൂടെ ചീറി പായുന്നത്. മാലിപ്പാറ, വെട്ടാംപാറ, കുളങ്ങാട്ടുകുഴി പ്രദേശങ്ങളിൽ നിരവധി പാറ മടകൾ ഉണ്ട്. ഇവിടുന്ന് പോകുന്ന ലോഡുകൾ വഹിച്ചുള്ള ഭാരവാഹനങ്ങളാണിവയെല്ലാം.
റോഡുകൾ പൊട്ടി പൊളിയുന്നതും സർവ്വ സാധാരണമാണിവിടെ. കുടി വെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നായ മാലിപ്പാറയിൽ തുടരെ തുടരെ ഉള്ള പൈപ്പ് പൊട്ടൽ നാട്ടുകാർക്ക് തലവേദനയാകുകയാണ്.