കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ് ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി കൂട്ടി നന്നാക്കി, ടാർ ചെയ്യുന്നതിന്റെ ഭാഗമായി മെറ്റൽ വിരിച്ചു നിരത്തിയിട്ടിരിക്കുകയാണ് .വീതി കൂട്ടി വന്നപ്പോൾ റോഡിന്റെ നടുവിലായി പോയ ഞായപ്പിള്ളിയിലെ ഒരു പാവം വൈദ്യുതി പോസ്റ്റിനാണ് ട്രോൾ മഴയിൽ മുങ്ങി കുളിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. റോഡ് വീതി കൂട്ടി മെറ്റൽ വിരിച്ചപ്പോൾ ഈ വൈദ്യുതി പോസ്റ്റിനെ പറിച്ചു, മാറ്റി സ്ഥാപിക്കാൻ അധികാരികൾ ശ്രദ്ധിച്ചില്ല എന്നും, പോസ്റ്റ് മാറ്റാതെ ടാർ ചെയ്യാൻ നീക്കം നടക്കുന്നു എന്നുമാണ് പ്രദേശവാസികളുടെ ആക്ഷേപം.
തട്ടേക്കാട് കുട്ടമ്പുഴ റോഡീല്‍ ഞായപ്പിള്ളി, അറമ്പന്‍കുടി പാലത്തിന്റടുത്താണ് റോഡ് ടാറ് ചെയ്യാന്‍ മെറ്റല്‍ വിരിച്ചിരിക്കുന്നത്. കിഫ്‌ബിയിൽ നിന്ന് തുക അനുവദിച്ചു റോഡ് പണി തുടങ്ങിയിട്ട് വർഷം ഒന്നായി. ഇതുവരെ പണി പൂർത്തിയായിട്ടില്ല.അതിനിടയിൽ ആണ് വൈദ്യുതി പോസ്റ്റിനെ ചൊല്ലിയുള്ള ട്രോൾ മഴ. എന്തായാലും പോസ്റ്റുകൾ ഉടൻ മാറ്റുമെന്നും, അതിനു ശേഷം മാത്രമേ ടാർ ചെയ്യുകയുള്ളൂ എന്നുമാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഷ്യം.