കോതമംഗലം : ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയായ കോവിഡ്-19 സംഹാര താണ്ഡവം ആടുമ്പോൾ തന്നെ, നാടിന് ദിശാ ബോധം നൽകുന്ന ജനാധിപത്യത്തിന് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. ഇന്നലെ കോതമംഗലം നഗരസഭയിലെ പതിനാലാം വാർഡിലെ അയ്യങ്കാവ് പോളിങ് ബൂത്തിലാണ് ഈ അപൂർവ്വ സംഗമം നടന്നത്. കോവിഡ് ചികിത്സയിലായിരുന്ന രോഗി വൈകിട്ടോടുകൂടി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിച്ചു കൊണ്ട് പോളിങ് ബൂത്തിൽ വോട്ട് ചെയ്യുവാൻ എത്തുകയായിരുന്നു. തുടർന്ന് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് വോട്ടറെ സ്വാഗതം ചെയ്യുകയായിരുന്നു.
കോവിഡ് മഹാമാരിയെ തൃണവൽക്കരിച്ചുകൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി ഒരു പൗരന്റെ അവകാശം വിനിയോഗിക്കുവാനായി ഒരു കോതമംഗലം നിവാസി ധൈര്യപ്പെടുകയും, അത് സംരക്ഷിച്ചു നിറവേറ്റുവാനായി ഉദ്യോഗസ്ഥൻ തയ്യാറാകുകയും ചെയ്തതോടുകൂടി പ്രകൃതി തന്നെ അമ്പരന്ന രീതിയിൽ കനത്ത മഴയും കാറ്റും ഉണ്ടാകുകയും, ബൂത്തിലെ വൈദ്യുതി നിലക്കുകയായിരുന്നു. തുടർന്ന് ബൂത്തിലെ ഉദ്യോഗസ്ഥൻ മെഴുകുതിരി കത്തിച്ചു വെച്ച പ്രകാശത്തിലാണ് കോവിഡ് രോഗി തന്റെ സമ്മതിദാന അവകാശം നിർവ്വഹിച്ചത്.
കോതമംഗലം നഗരസഭാ പരിധിക്കുള്ളിൽ വോട്ട് ചെയ്‌ത ഏക കോവിഡ് രോഗിയാണ് ഇദ്ദേഹം. കോവിഡ് മനുഷ്യ മനസ്സുകളിൽ വിതച്ച ഭീതിയുടെ അന്ധകാരത്തെ മെഴുകുതിരിയുടെ നുറുങ്ങു വെട്ടം കൊണ്ട് അകറ്റി, ജനാധിപത്യത്തിന് കൂടുതൽ തിളക്കം നൽകുന്ന അപൂർവ്വ സന്ദർഭമാണ് അയ്യങ്കാവ് ബൂത്തിൽ അരങ്ങേറിയതെന്ന് പൊതുപ്രവർത്തകനായ ജോഷി അറക്കൽ വെളിപ്പെടുത്തുന്നു.