കോതമംഗലം: കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കാന്‍ ആരും തയാറാകാതെ വന്നതോടെ ചുമതലയില്ലാതിരുന്നിട്ടും ഏറ്റെടുത്ത നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം. കോവിഡ് ബാധിച്ച അജ്ഞാതൻ്റെ മൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാകാതെ വന്നപ്പോൾ ചുമതലയേറ്റെടുത്ത് സംസ്കാരം നിർവ്വഹിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നഗരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത വൃദ്ധന്റെ മൃതദേഹമാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച്ച സന്ധ്യയോടെ നേര്യമംഗലം പൊതുശ്മശാനത്തില്‍ സംസ്കാരത്തിന് എത്തിച്ചത്.
തിരിച്ചറിയപ്പെടാത്ത മൃതദേഹം ആയതിനാല്‍ ദഹിപ്പിക്കുക എന്നത് നിയമപ്രകാരം അസാധ്യമായത്തോടെയാണ് നേര്യമംഗലം പൊതുശ്മശാനത്തില്‍ എത്തിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. സംസ്കാര ചടങ്ങ് നടത്താനായി കൂലിക്ക് വിളിച്ചിരുന്ന തൊഴിലാളികള്‍ കോവിഡ് ആണെന്നറിഞ്ഞു പിന്മാറുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേര്യമംഗലത്തെ ആരോഗ്യ പ്രവര്‍ത്തകരായ യുവാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
നേര്യമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍. ജഗദീഷ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോഷി തോമസ്, സീനിയര്‍ സ്റ്റാഫ് നഴ്സ് കെ.എച്ച്. സുധീര്‍ എന്നിവരാണ് മൃതദേഹം സംസ്കരിക്കാന്‍ തയാറായത്.