കോതമംഗലം : പ്രകൃതിയൊരുക്കുന്ന കാഴ്ച്ച വസന്തം നമ്മുടെ നാട്ടിൻപുറങ്ങളിൽ പതിവാണ്. തൊടികളിലും കൃഷിയിടങ്ങളിലും പതിവായി പൂക്കുന്ന നിരവധി കാട്ടു പൂച്ചെടികൾ നമുക്ക് സ്വന്തമായിട്ടുണ്ട്. ഓണത്തിന്റെ വരവ് അറിയിക്കുന്ന പൂക്കളിൽ നിന്നും വ്യത്യസ്തമായി പൂക്കളുടെ ഉദ്യാനം തീർക്കുന്ന കദളി പൂക്കൾ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ താരം. മജന്ത നിറത്തിൽ നാട്ടിൻപുറങ്ങളിലെ തൊടികളിൽ വർണ്ണ വസന്തം തീർക്കുകയാണ് ഈ ചെടികൾ.
കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഈ ചെടിക്ക് കലദിയെന്നും , മലബാർ മേഖലയിൽ അതിരാണി എന്നും , മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടി എന്നുമാണ് അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണ് ചെടിക്ക് ഈ പേര് ലഭിക്കാനിടയായത്. കോതമംഗലം മേഖലയിലെ ചില റബ്ബർ തോട്ടങ്ങളിൽ കദളിച്ചെടി പൂക്കളുടെ ഉദ്യാനം തീർത്തിരിക്കുകയാണ്. വിലയിടിവ് മൂലം തോട്ടങ്ങളിൽ കാട് വെട്ട് ഉണ്ടാകാത്തതുമൂലമാണ് കദളിച്ചെടികൾ കൂട്ടമായി പൂത്തിരിക്കുന്നത്.
ദൂരക്കാഴ്ചയിൽ മൂന്നാറിലെ നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഒരു ചെറിയ പതിപ്പായി വിശേഷിപ്പിക്കാവുന്നതാണ്. ഒരു വർഷം പല പ്രാവശ്യം പൂക്കും എന്ന പ്രത്യേകതയും കദളിക്കുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ നശിപ്പിക്കാതെ ചെടികൾ രണ്ട് മീറ്ററോളം ഉയരം വെക്കുന്നതായും, കൈയ്യിലെ വിരലുകളുടെ രൂപഭംഗിയിൽ രോമങ്ങൾ നിറഞ്ഞ രീതിയിൽ തണ്ടുകൾ വളരുന്നു. കദളിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum കേരളത്തിലെ മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്നു. ഇതിന്റെ കായകൾ ഭക്ഷ്യ യോഗ്യമായെതും , കഴിച്ചു കഴിയുമ്പോൾ നാവിന് കറുത്ത നിറം കൈവരുന്നതായും കാണപ്പെടുന്നു.
മേനിഭംഗികൊണ്ടും പൂക്കളുടെ നിറഭംഗികൊണ്ടും നാട്ടിൻപുറങ്ങളിൽ പൂക്കളം തീർക്കുന്ന കദളിച്ചെടി കുട്ടമ്പുഴ , പൂയംകുട്ടി, തട്ടേക്കാട് വനമേഖലകളിലെ സജീവസാനിധ്യമാണെന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഷിബു ദാസ് പറയുന്നു. അഞ്ചു ഇതളുകളുമായി പ്രസന്നമായി വിരിയുന്ന പൂക്കൾ പറിച്ചു പഞ്ചസാരയോ തെങ്ങിൻ ശർക്കരയോ ചേർത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാൽ പൈൽസ്, വേരിക്കോസ് തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ലഭിക്കുമെന്ന് പറയപ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.
നഗര പ്രദേശങ്ങളിൽ ചെടികൾ ചട്ടികളിലാക്കി വിൽപ്പനക്ക് വെച്ചിരിക്കുന്നതായും ഷിബു ദാസ് പറയുന്നു. അങ്ങനെ വിപണി മൂല്യമുള്ള ചെടിയാണ് നമ്മുടെ നാട്ടിപുറങ്ങളിൽ വർണ്ണ വസന്തം തീർക്കുന്നത് എന്ന വസ്തുത നമ്മൾ വിസ്മരിക്കരുത്.