കോതമംഗലം : ഹണി ട്രാപ്പിൽ മൂവാറ്റുപുഴ സ്വദേശിയെ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചു പേർ ഇന്നലെ അറസ്റ്റിൽ ആയിരുന്നു. മുഖ്യസൂത്രധാരനടക്കം നാല് പ്രതികൾ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ ഇന്ന് കോതമംഗലം പോലീസ് പിടികൂടി. കുട്ടമ്പുഴ, കല്ലേലിമേട് സ്വദേശി തോമ്പ്രായിൽ നിഖിൽ ടി.വി (24), കുറ്റിലഞ്ഞി സ്വദേശി പാറക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ബുധനാഴ്ച്ച പോലീസിനെ കണ്ടപ്പോൾ പ്രതികൾ കാറുമായി കടന്നുകളയുകയായിരുന്നു. രാത്രി തന്നെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇഞ്ചത്തൊട്ടി സ്വദേശിനി ആര്യ(25), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (22), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കാഞ്ഞിരക്കുഴി ആസിഫ് (19), നെല്ലിക്കുഴി പറന്പി റിസ്വാൻ (21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ആന്റിജൻ പരിശോധനയിൽ മുഹമ്മദ് യാസിനാണ് കോവിഡ് പോസിറ്റീവായത്. വൈദ്യ പരിശോധനയിൽ പ്രതികളിലൊരാൾക്ക് കോവിഡ് പോസിറ്റീവായതോടെ പ്രിൻസിപ്പൽ എസ്ഐ അടക്കം ആറു പോലീസുകാർ ക്വാറന്റൈനിൽ പോയി. പ്രതികളിൽ ആര്യയെ നെല്ലിക്കുഴിയിലെ വാടക വീടിന് സമീപത്തുനിന്നും അശ്വിനെ കോട്ടപ്പടിയിൽ നിന്നും കോട്ടപ്പടി പോലീസാണ് പിടികൂടി കോതമംഗലം പോലീസിന് കൈമാറിയത്. കോട്ടപ്പടി പോലീസിന്റെ തന്ത്രപൂർവമായ നീക്കമാണ് പ്രതികളെ പെട്ടെന്ന് പിടികൂടാനായത്. കോട്ടപ്പടിയിലെത്തിയപ്പോൾ മൂത്രം ഒഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഷാജി ഒച്ചവച്ച് ആളെക്കൂട്ടിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ പ്രതികൾ കാറുമായി കടന്നുകളഞ്ഞു.
മൂവാറ്റുപുഴയിൽ ഡിടിപി സെന്റർ നടത്തുന്ന ഷാജിയെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അർധനഗ്നയായിനിന്ന യുവതിക്കൊപ്പം നഗ്നനാക്കി പ്രതികൾ ചിത്രമെടുത്തു. ചിത്രങ്ങൾ സമൂഹമാധ്യത്തിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ 3.50 ലക്ഷം ആവശ്യപ്പെട്ടു. പണം കൈവശമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികൾ ഷാജിയുടെ കാറും മൊബൈലും എടിഎം കാർഡും തട്ടിയെടുത്തു. ഷാജിയെ കാറിൽ ബന്ദിയാക്കി ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളിൽ കറങ്ങി. ഇതിനിടെ എടിഎം കാർഡ് ഉപയോഗിച്ച് 35000 രൂപ പിൻവലിക്കുകയും ചെയ്തു. ഇനി രണ്ട് പേരെ കൂടി പിടികൂടുവാനുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പോലീസ് തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.