ഏബിൾ. സി. അലക്സ്
കോതമംഗലം : കോവിഡ്ക്കാല ലോക്ക് ഡൗണിൽ വെറുതെ ഇരിക്കാൻ നിവേദിതക്കു സമയമില്ല. ഓൺലൈൻ ക്ലാസിനും, പഠനത്തിനും പുറമെ ചിത്ര രചനയിലും മുഴുകുകയാണ് ഈ കൊച്ചു മിടുക്കി. കൊറോണക്കാലത്തെ അടച്ചു പൂട്ടലിനിടയിൽ നിരവധിയായ മനോഹര ചിത്രങ്ങളാണ് തന്റെ കുഞ്ഞു കൈ വിരലുകൾ കൊണ്ട് ഈ മിടുക്കി വിരിയിച്ചത്. പെൻസിലും, ക്രോയോൺസും, ബ്രഷും എല്ലാം ഉപയോഗിച്ച് നിറക്കൂട്ടൊരുക്കി നമ്മെ അത്ഭുതപെടുത്തുകയാണ് ഈ കൊച്ചു കലാകാരി.
ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലത്ത ഈ മിടുക്കി നന്നേ ചെറുപ്രായത്തിൽ തന്നെ വരയുടെ ലോകത്തേക്ക് കടന്നുവന്നയാളാണ്. ചിത്രകല കൂടാതെ കായിക കലയായ കുംഫു പരിശീലനത്തിനും സമയം കണ്ടെത്തുകയാണ് കോതമംഗലം സെന്റ്. അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഈ ഒൻപതാം ക്ലാസ്സുകാരി. മകളുടെ കാലപരമായ കഴിവുകൾക്ക് എല്ലാവിധ പ്രോത്‌സാഹനവും, പിന്തുണയും നൽകി മാതാപിതാക്കളായ അനൂപും, ജീനയും കൂടെ തന്നെയുണ്ട്. ഒപ്പം കുഞ്ഞനുജൻ നവനീതും.കുഞ്ഞേച്ചിയെ പോലെ വരയുടെ ലോകത്ത് മിന്നിതിളങ്ങാനാണ് യു കെ ജി വിദ്യാർത്ഥിയായ കുഞ്ഞു നവനീതിനും ആഗ്രഹം.
പഠിച്ചു പഠിച്ചു വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം എന്നാ ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ നിവേദിത പറഞ്ഞു അമ്മയെ പോലെ നല്ലൊരു അദ്ധ്യാപികയാകണം, ഒപ്പം നല്ലൊരു കലാകാരിയും.കോതമംഗലം, പിണ്ടിമന മുകുളുംപുറത്ത് ബിസിനെസുകാരനായ അനൂപിന്റെയും, അധ്യാപികയായ ജീനയുടെയും മകളാണ് വർണ്ണ ലോകത്തു മിന്നി തിളങ്ങുന്ന ഈ കുഞ്ഞുതാരം.