കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്)സർവ്വീസുകൾ ആരംഭിക്കുമെന്നും,ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഡിപ്പോയിൽ ആരംഭിച്ചതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരും,സ്വകാര്യ മേഖലയിലെ ജീവനക്കാരും അടക്കമുള്ള സ്ഥിരം യാത്രക്കാരെ ഉദ്ധ്യേശിച്ചു കൊണ്ടാണ് ബോണ്ട് സർവ്വീസുകൾ അരംഭിക്കുന്നത്. ആദ്യ ഘട്ടമായി കോതമംഗലത്ത് നിന്നും കോട്ടയത്തേക്കും,കാക്കനാട്ടേയ്ക്കുമായി രണ്ട് സർവ്വീസുകളാണ് ആരംഭിക്കുന്നത്. കോതമംഗലത്ത് നിന്നും പുറപ്പെട്ട് കോട്ടയത്തും, കാക്കനാടും മാത്രം നിർത്തുന്ന നോൺ സ്റ്റോപ്പ് സർവ്വീസുകളായിട്ടാണ് രണ്ട് സർവ്വീസും ആരംഭിക്കുന്നത്.ഇടയ്ക്ക് സ്റ്റോപ്പുകൾ ഉണ്ടാകില്ല എന്നത് മാത്രമല്ല യാത്രക്കാർക്ക് കോട്ടയത്തും, കാക്കനാടും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ മുന്നിൽ ഇറങ്ങുവാൻ വേണ്ട സൗകര്യവുമൊരുക്കും.
തിരികെ അവരുടെ ഓഫീസുകൾക്ക് മുന്നിൽ നിർത്തി യാത്രക്കാരെ തിരികെ കോതമംഗലം ഡിപ്പോയിൽ എത്തിക്കുന്ന തരത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ഇരു ചക്രവാഹനങ്ങൾ കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു വേണ്ട സൗകര്യം ഏർപ്പെടുത്തും. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.അവരവരുടെ ഓഫീസിനു മുന്നിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും.ഈ സർവ്വീസുകൾ 5,10,20,25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂർ ആയി അടച്ച് യാത്രക്കുള്ള സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോട് കൂടി കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആകർഷകമായ അധിക ഡിസ്കൗണ്ടുകൾ അടക്കം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ബോണ്ട് സർവ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും എം എൽ എ അറിയിച്ചു.