ഏബിൾ. സി. അലക്സ്
കോതമംഗലം: കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി, പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ചിത്രം വരക്കാന്‍ ഇത്തവണ കണ്ടെത്തിയ മാധ്യമം മാസ്ക്കുകള്‍ ആണ്.
25 അടി നീളത്തിലും, പതിനഞ്ചടി വീതിയിലും ഓണപൂക്കളം തീര്‍ക്കും പോലെ പൂക്കളിന് പകരം 2500 മാസ്ക്കുകള്‍ ഉപയോഗിച്ച് എട്ട് മണിക്കൂര്‍ കൊണ്ടാണ് ഡാവിഞ്ചി സുരേഷ്, ഇന്ത്യൻ സിനിമയുടെ “ബിഗ് ബി” യായ അമിതാഭ് ബച്ചന്റെ ചിത്രമൊരുക്കിയത്.അമിതാഭ് ബച്ചനോടുള്ള സ്നേഹ ബഹുമാനവും, ഇഷ്ടവും, ആരാധനയും ആണ് ഈ ചിത്രത്തിന് പിന്നിൽ എന്ന് ഡാവിഞ്ചി പറയുന്നു. തൃശൂർ ജില്ലാ പഞ്ചായത്ത്, തൃപ്രയാർ ഡിവിഷനാണ് ഡാവിഞ്ചിക്കായി ഇതിനവസരമൊരുക്കിയത്.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍റെ നേതൃത്വത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കുന്ന സൌജന്യ മാസ്ക് വിതരണവുമായി ബന്ധപ്പെട്ടാണ്, ഡാവിഞ്ചി സുരക്ഷാ ചിട്ടവട്ടങ്ങളോടെ ബച്ചന്റെ ഈ മാസ്ക് ചിത്രം ഒരുക്കിയത്.
വിവിധ നിറങ്ങളിലുള്ള മാസ്ക്കുകള്‍, തറയില്‍ വെള്ളത്തുണി വിരിച്ച് അടുക്കി, അടുക്കി വെച്ചാണ് മാസ്ക്കും, ഗ്ലൗസും ഒക്കെ ധരിച്ചു കൊണ്ട് സുരേഷ് ഈ ‘ബിഗ് ബി’ ചിത്രം നിര്‍മിച്ചെടുത്തത്. കോവിഡിനെ ചെറുക്കാൻ മാസ്ക് നിര്‍ബന്ധമായും ധരിക്കണം എന്നുള്ള സന്ദേശംകൂടി ആണ് ഈ മാസ്ക് ചിത്രം എന്ന് ഡാവിഞ്ചി പറയുന്നു.