കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു വിട്ടാൽ റേഷൻ ഷോപ്പ് ഉടമകൾ അരി നൽകുന്നില്ല എന്നതാണ് വസ്തുത. ഒ.റ്റി.പി. പ്രകാരം അരി ലഭിക്കണമെങ്കിൽ മൊബൈൽ ഫോൺ നിർബന്ധവുമാണ്. ഇതു മൂലം പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ കഷ്ടത്തിലായിരിക്കുകയാണ്. 20 രൂപയുടെ അരി വാങ്ങാൻ 200 രൂപ ഓട്ടോ കൂലി കൊടുത്ത് വൃദ്ധരായ കാർഡ് ഉടമകൾക്ക് റേഷൻ കടയിലെത്തേണ്ട ഗതികേടാണ്.
കുട്ടമ്പുഴയിലെ 5 വാർഡുകൾ കണ്ടെയ്മെന്റ് സോണിലായതോടെ റേഷൻ വാങ്ങുന്നത് ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പഞ്ചായത്ത് അംഗത്തിന്റെ കത്തുമായെത്തിയാൽ റേഷൻ നൽകാമെന്ന് ചില ഷോപ്പ് ഉടമകൾ പറഞ്ഞെങ്കിലും ഒ.റ്റി.പിയും പ്രശ്നമാകുന്നതായാണ് മറ്റൊരു പരാതി. സർക്കാർ ഇടപെട്ട് വൃദ്ധ ദമ്പതികളായുളളവരുടെ റേഷൻ ലഭ്യമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.