കോതമംഗലം:-നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോയ വ്യക്തിക്കാണ് രോഗം സ്ഥിതീകരിച്ചത്.നേര്യമംഗലത്ത് ഉണ്ടായിട്ടുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
നേര്യമംഗലം വില്ലേജിലെ കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാവൂ,കടകളിൽ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ മുഴുവൻ കടകളിലും സൂക്ഷിക്കുക,എല്ലാ കടകളിലും സാനിറ്റൈസർ കരുതുകയും,മാസ്ക്,സാമൂഹ്യ അകലം എന്നിവ കർശനമായും പാലിച്ചുകൊണ്ട് കടകളിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കുക,പോലീസ്-ആരോഗ്യ വകുപ്പുകളുടെ പരിശോധന കർശനമാക്കുക,വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശങ്ങൾ നൽകുക,എ റ്റി എം കൗണ്ടറുകളിൽ സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തുക,നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളികളുടെ എണ്ണം ക്രമീകരിച്ച് പരിമിതപ്പെടുത്തുക,ഫയർ ഫോഴ്സിന്റെ സഹായത്തോടെ പ്രദേശത്തെ അണു നശീകരണം ഏർപ്പെടുത്തുക,നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മറ്റ് രോഗികളുമായി സമ്പർക്കം ഉണ്ടാകാത്ത തരത്തിൽ പനി രോഗികൾക്കായി പ്രത്യേക ക്ലിനിക്ക് ഏർപ്പെടുത്തുവാനും,കോവിഡുമായി ബന്ധപ്പെട്ടെടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചും വില്ലേലേജിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും യോഗത്തിൽ തീരുമാനമായി.
വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും,ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് എംഎൽഎ പറഞ്ഞു.നേര്യമംഗലം വില്ലേജിൽ കോവിഡ് 19 കേസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും,കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും,യോഗ തീരുമാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെലിൻ ജോൺ,മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ലുസീന ജോസഫ്,ഡോക്ടർ അഭിലാഷ് കൃഷ്ണൻ,ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് എം എൻ,ഊന്നുകൽ എസ്ഐ സി പി ബഷീർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ ജെ ഉലഹന്നാൻ,അനീഷ് മോഹനൻ,സൈജന്റ് ചാക്കോ,ആശുപത്രി മാനേജ് കമ്മിറ്റി അംഗങ്ങൾ,സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.