കോതമംഗലം : കോതമംഗലം മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ,കൃഷി ഉദ്യോഗസ്ഥർ,സഹകരണ ബാങ്ക് പ്രസിഡന്റുമാർ,പാടശേഖര സമിതി സെക്രട്ടറിമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് മണ്ഡലത്തിൽ സുഭിക്ഷ കേരളം പദ്ധതികളുടെ അവലോകന യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ചേർന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ,പല്ലാരിമംഗലം പഞ്ചായത്ത്
പ്രസിഡൻ്റ് പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സുഭിക്ഷ കേരളം പദ്ധതികളെക്കുറിച്ച് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു വിവരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പത്തു പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും അവതരിപ്പിച്ചു. മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലുമായി കാർഷിക മേഖലയിൽ വകയിരുത്തിയ പദ്ധതികൾ കൃഷി ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. മണ്ഡലത്തിലാകെ
300 ഹെക്ടർ സ്ഥലത്ത് തരിശായ പ്രദേശങ്ങൾ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയിലേക്കെത്തിക്കുന്നതിൻ്റെ നടപടികൾ ആരംഭിച്ചതായും,ഇത് മണ്ഡലത്തിൽ കാർഷിക മേഖലയിൽ പുതിയ ഉണർവ് ഉണ്ടാക്കിയതായും എംഎൽഎ പറഞ്ഞു.
കേരള സർക്കാർ ലക്ഷ്യമിട്ട സുഭിക്ഷ കേരളം പദ്ധതികൾക്ക് പൊതു ജനങ്ങളുടേയും,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും,സഹകരണ സ്ഥാപനങ്ങളുടേയും,സന്നദ്ധ സംഘടനകളുടേയും പിന്തുണയും സഹകരണങ്ങളും ഉണ്ടാകണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.