കോതമംഗലം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിടുന്നവരാണ് പാർട്ടിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ ശിവനും മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു. കോതമംഗലത്തെ ആദ്യ കാല പാർട്ടി പ്രവർത്തകനായിരുന്ന മൈതീൻ പിള്ള ആശാന്റെ സ്മാരകമായി സ്ഥലം വാങ്ങിച്ച് 2 നിലയുള്ള പാർട്ടി ഓഫീസ് നിർമ്മിച്ചിരുന്നു. സ്ഥലത്തിന്റെ ആധാരം സി .എ സിദ്ധീക്കിന്റെ സ്വന്തം പേരിൽ വാങ്ങി. പാർട്ടി സ്വത്തുക്കൾ ജില്ലാ സെക്രട്ടറിമാരുടെ പേരിൽ വാങ്ങണം എന്ന പാർട്ടി നയം ലംഘിച്ചതും കെട്ടിടത്തിന്റെ അടി നില സ്വകാര്യ വ്യക്തിക്ക് വിൽപ്പന നടത്തിയതും പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയുണ്ടാകുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് പാർട്ടിക്കെതിരെ വ്യാജ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.
എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന മാഹിന്റെ സ്മരണാർത്ഥം വാങ്ങിയ ആംബുലൻസ് സ്വകാര്യ വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വിഷയത്തിലും ആരോപണ വിധേയനായ വ്യക്തിയാണ് സി.എ സിദ്ധീഖ്. വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ നടപടിക്കു വിധേയനാവുകയും ജനയുഗം ലേഖഖകൻ സ്ഥാനത്തു നിന്നും മാറേണ്ടി വരികയും വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പുതിയ മേച്ചിൽപുറം തേടി മത്സരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സീതി മുഹമ്മദ്. 2010 ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനു ശേഷം പാർട്ടി അംഗത്വം പോലുമില്ലാത്ത വ്യക്തിയാണ് എ.ബി ശിവൻ. ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ചുവെന്ന പറയുന്നതിന്റെ പ്രസക്തിയെന്താണ്. പത്രസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ
എ.ആർ വിനയൻ, റ്റി.സി ജോയി, ശാന്തമ്മ പയസ്,മണ്ഡലം കമ്മറ്റിയംഗങ്ങളായ പി.കെ രാജേഷ്, പി.റ്റി ബെന്നി, റ്റി.എച്ച് നൗഷാദ്, പി.എ അനസ് ,ലോക്കൽ സെക്രട്ടറി അഡ്വ.മാർട്ടിൻ സണ്ണി എന്നിവർ പങ്കെടുത്തു.