കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ മാമലക്കണ്ടം എളബ്ലാംശ്ശേരിക്കുടിയിൽ കാട്ടാനക്കൂട്ടം തകർത്ത ഫെൻസിങ്ങ് അടിയന്തിരമായി പവർ കൂട്ടി പുനസ്ഥാപിക്കുന്നതിനും,നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകുവാനും തീരുമാനമായി. പ്രദേശത്തെ കാട്ടാന ശല്യം തടയുന്നതിൻ്റെ ഭാഗമായി 2.5 കിലോമീറ്റർ ദൂരം ഫെൻസിങ്ങ് നടത്തുന്ന പ്രവർത്തി നടന്നു വരികയായിരുന്നു. ഏകദേശം 2.2 കിലോമീറ്റർ ദൂരം ഫെൻസിങ്ങ് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ ഫെൻസിങ്ങ് തകരുകയും,മൂന്നോളം വീടുകൾ തകർക്കുകയും നിരവധിയായ കൃഷിക്കും നാശ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
പ്രസ്തുത പ്രദേശം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു.ഇവിടെ തകർന്ന ഭാഗത്തെ ഫെൻസിങ്ങ് അടിയന്തിരമായി പവർ കൂട്ടി പുനസ്ഥാപിക്കുവാനും ഇതിനു വേണ്ടി കൂടുതൽ ബാറ്ററികളും പാനൽ ബോർഡും അടക്കമുള്ള അനുബന്ധ സാമഗ്രികളും അടങ്ങുന്ന പുതിയ പവർ സിസ്റ്റം ഒരു കിലോ മീറ്റർ ഇടവിട്ട് സ്ഥാപിക്കുവാനും തീരുമാനമായി.ഇതിൻ്റെ പരിപാലനത്തിനായി പ്രദേശത്തെ ആളുകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിനായി ഒരു വാച്ചറെ നിയമിക്കുവാനും തീരുമാനിച്ചു.
അതോടൊപ്പം നാശ നഷ്ടം സംഭവിച്ചവർക്ക് ട്രൈബൽ – ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള സാമ്പത്തിക സഹായം അടിയന്തിരമായി ലഭ്യമാക്കുവാനും തീരുമാനിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.റ്റിഡിഒ ജി അനിൽകുമാർ,ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ അരുൺ കെ നായർ,റ്റിഇഒ ആർ നാരായണൻകുട്ടി,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ,എം എസ് ആരോമൽ,വി ഡി പ്രസാദ്,കാണിക്കാരൻ രാജപ്പൻ മാത്തി എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.