- പി.എ.സോമൻ
കോതമംഗലം: നഗരത്തിലെ പ്രധാന നിരത്തുകളിലും ബൈപാസ് റിംഗ് റോഡുകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം കൂടുന്നു. പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയതും തുരുമ്പെടുത്തും കേടുപാടുകൾ വന്നും ഓടിക്കാൻ പറ്റാത്തതും കേസുകളിൽപെട്ട് പിടിച്ചിട്ടിരിക്കുന്നതുമായി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വാഹനങ്ങളാണ് അപകട ഭീഷണിയായി റോഡുവക്കിൽ തള്ളിയിരിക്കുന്നത്. റവന്യൂ ടവറിന് സമീപത്തും നിരവധി വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ റോഡരികിൽ വാഹനങ്ങൾ തള്ളുന്നവർക്കെതിരെ നടപടി എടുക്കേണ്ടവർ തന്നെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്ത് റോഡരുകിൽ തള്ളിയിടുന്ന അവസ്ഥയാണുള്ളത്. ഇത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസംസൃഷ്ടിക്കുകയും അപകടം ഉണ്ടാകുകയും ചെയ്യുന്നത് പതിവാണ്.
ടാറിംഗിനും തടസം, റോഡ് അറ്റകുറ്റപ്പണിക്കും തടസമായിട്ടാണ് വാഹനങ്ങൾ കിടക്കുന്നത് കഴിഞ്ഞദിവസം സർക്കാർ ഗസ്റ്റ് ഹൗസിന് സമീപം റോഡ് ടാർ ചെയ്തപ്പോൾ അവിടെ കിടന്നിരുന്ന വാഹനം ഒരു വശം ചെരിച്ച് കോല് കുത്തി താങ്ങി നിർത്തിയതിന് ശേഷം റോഡ് ടാർ ചെയ്യേണ്ടിവന്നു. തുടർന്ന് വാർത്തയായതോടെ കോൽ എടുത്ത് മാറ്റി വാഹനം നേരെയാക്കി. ഈ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ തുരുമ്പെടുത്ത് റോഡരികിൽ വീഴുന്ന അവസ്ഥയാണ്. വാഹനങ്ങൾ മാറ്റണം ഇത്തരത്തിൽ വാഹനങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുകയും കേസിൽ പെട്ട് പിടിച്ചെടുക്കുന വാഹനങ്ങൾ ഏതെങ്കിലും ഗ്രൗണ്ടിൽ സൂക്ഷിക്കുകയും ചെയ്താൽ റോഡിലെ അപകടങ്ങൾ കുറയ്ക്കുവാൻ സാധിക്കും അടിയന്തരമായി അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.