കോതമംഗലം : ലോക്ക് ഡൗണിൽ ജോലിയില്ലാതായതിനാൽ മനംനൊന്ത് ജീവനൊടുക്കിയ കോഴിക്കോട് ജില്ലയിലെ കക്കോടി ചോയി ബസാറിലെ ബസ് ഡ്രൈവർ സന്തോഷിന്റെ വേർപാടിൽ ദു:ഖം രേഖപെടുത്തുന്നതോടൊപ്പം ആ കുടുംബത്തിന് സർക്കാർ അർഹമായ സാമ്പത്തിക സഹായം നൽകുകയും വേണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ മനോജ് ഗോപിയും, ജില്ലാ പ്രസിഡന്റ് ജോയി മാടശ്ശേരിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള മോട്ടോർ വാഹന മേഖലയിലെ ബസ്, ആട്ടോറിക്ഷ, ട്രാവലർ ഉൾപ്പെടെയുള്ള മേഖലയിലെ തൊഴിലാളികളുടെ ജീവിതം വലിയ കഷ്ടപാടിലാണ്
ബസും, ലോറിയും, ടാക്സിയും,ഓട്ടോയും ഒന്നും തന്നെ ഇപ്പോഴും പൂർണ്ണമായി നിരത്തിലിറക്കിയിട്ടില്ല. ഓടി തുടങ്ങിയത് തന്നെ നഷ്ടത്തിലായതിനാൽ സർവ്വീസ് നിർത്തി പിൻവാങ്ങുകയാണ് ചെയ്തിട്ടുള്ളത്.

മോട്ടോർ തൊഴിലാളി മേഖലയിൽ ഇത് പോലുള്ള ദു:ഖകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.സ്കൂളുകൾ ഓൺ ലൈൻ പഠനം തുടണ്ടി. സ്വന്തം കുട്ടിക്ക് പഠന സൗകര്യമൊരുക്കാൻ പെട്ടെന്ന് നല്ലൊരു തുക വേണമെന്നിരിക്കെയും മരുന്ന് വാങ്ങാൻ പോലും പണമില്ലാത്തതും സന്തോഷിനെ മാനസികമായി തളർത്തിയിരുന്നൂ എന്നാണ് അറിയാൻ കഴിഞ്ഞത്
തൊഴിലാളികൾക്ക് അർഹതപെട്ട എത്രയോ കോടികൾ മോട്ടോർ തൊഴിലാളി ഫണ്ടിൽ കുന്ന് കൂടി നിൽക്കുമ്പോഴാണ് മരുന്നിന് പണമില്ലാതെ തൊഴിലാളികൾ ആത്മഹത്യയിലേക്ക് നിങ്ങുന്നത്.
അടിയന്തിരമായി മോട്ടോർ തൊഴിലാളികളുടെ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഈ മേഖലയിൽ കൂട്ട ആത്മഹത്യ തന്നെ നമുക്ക് കാണേണ്ടി വരും. ഈ ലോക്ക്ഡൗണിൽ തൊഴിലില്ലാതായ മോട്ടോർ തൊഴിലാളികൾക്ക് ഏത് ഫണ്ടിൽ നിന്നായാലും പതിനായിരം രൂപ അടിയന്തിര ധനസഹായം നൽകണമെന്ന് എച്ച്.എം.എസ്. മോട്ടോർ തൊഴിലാളി യൂണിയൻ സർക്കാറിനോട് നിരന്തരം ആവശ്യപെട്ടിട്ടുള്ളതാണ് അതിൻമേൽ ഒരു നടപടിയും ബന്ധപ്പെട്ടവർ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത് നിരാശാജനകമാണ്.
ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് പറയാനുള്ളത്. കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും എറണാകുളം ജില്ലാ പ്രസിഡന്റ് ജോയി മാടശ്ശേരിയും ആവശ്യപ്പെട്ടു.ഈ വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

























































