കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ നെല്ലിമറ്റം പ്രതീക്ഷ പടി പുല്ലു കുത്തി പാറയിലെ റോഡിൻ്റെ കാഴ്ച്ച മറയ്ക്കുന്ന അപകടകരമായ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. നേരത്തെ നടന്നു വന്നിരുന്ന പ്രസ്തുത പ്രവർത്തി കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. ഈ പ്രവർത്തിയാണ് ഇപ്പോൾ അടിയന്തിരമായി പുനരാരംഭിച്ചത്. ഇടുക്കിയിലേക്കും,മൂന്നാറിലേക്കുമടക്കം നിരവധി വിനോദ സഞ്ചാരികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡിൻ്റെ പ്രസ്തുത ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു.പ്രദേശവാസികളുടേയും,ഡ്രൈവർമാരുടേയും നിരന്തര ആവശ്യമായിരുന്നു റോഡിൻ്റെ കയറ്റം കുറച്ച് പ്രശ്നം പരിഹരിക്കണമെന്നുള്ളത്.
റോഡിൻ്റെ ഈ ഭാഗമൊഴിച്ച് ബാക്കി ഭാഗത്തെ പ്രവർത്തികൾ ഏകദേശം അവസാന ഘട്ടത്തിലാണ്.ഇവിടെത്തെ ബ്ലോക്കു മൂലം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഇന്ന് നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചതോടെ ദീർഘനാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. ആന്റണി ജോൺ എംഎൽഎ,ദേശീയ പാത എ ഇ അലൻ സേവ്യർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി.