മൂന്നാർ: മല ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് ഭാഗത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എൻ. ഐ. ടി യിലെ വിദഗ്ധർ എത്തി പാതയുടെ ഉറപ്പ് പരിശോധിച്ച ശേഷം മാത്രമെ ഗതാഗതം പുനരാരംഭിക്കൂ. അതുവരെ വാഹനങ്ങൾ പൂപ്പാറ, രാജാക്കാട്, കുഞ്ചിത്തണ്ണി വഴി തിരിഞ്ഞുപോകണം.
കാലവർഷത്തിലെ അപകട ഭീഷണി മുന്നിൽക്കണ്ടാണ് പാത അടച്ചതെന്ന് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. മലയിലെ പാറയുടെ ഉള്ളിൽ നിന്നും കഴിഞ്ഞ ദിവസം വലിയ ശബ്ദം കേട്ടിരുന്നു. ഇതേത്തുടർന്ന് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവിടെ നടത്തിക്കൊണ്ടിരുന്ന നിർമ്മാണപ്രവർത്തനം പൂർണ്ണമായി നിർത്തിവച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ജോലികൾ അടുത്തയിടെയാണ് പുനഃരാരംഭിച്ചത്.