കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ അഞ്ച് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം,ഇരമല്ലൂർ,കീരംപാറ,നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44 ലക്ഷം രൂപ വീതം അനുവദിച്ചതായും എംഎൽഎ പറഞ്ഞു.നേരത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന് 44 ലക്ഷം രൂപ അനുവദിച്ച പല്ലാരിമംഗലം വില്ലേജ് ഓഫീസിൻ്റെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. വാർക്കയും,തേപ്പും അടക്കമുള്ള സ്ട്രക്ചറൽ വർക്കുകൾ മുഴുവൻ പൂർത്തീകരിച്ചു.ഇനി പ്ലംബിങ്ങ്,ഇലക്ട്രിക്കൽ വർക്കുകൾ മാത്രമേ പൂർത്തീകരിക്കുവാനുള്ളൂ.
ഇവിടെ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന പ്രവർത്തികൾ ഉടൻ പുനരാരംഭിക്കും. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ ഓഫീസുകളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുന്നതിനോടൊപ്പം തന്നെ റിസപ്ഷൻ ഓൺലൈൻ സൗകര്യങ്ങളും കാര്യക്ഷമമാകും. ഇതോടെ ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ല്യഭ്യമാകുമെന്നും വില്ലേജ് ഓഫീസുകൾ നവീകരിക്കുന്ന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.