കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283 ആയിരുന്നു. വോട്ടര്‍പട്ടികയില്‍ 10,028 പേരുടെ വര്‍ദ്ധനവുണ്ടായെങ്കിലും പോളിംഗില്‍ ആനുപാതികമായ മുന്നേറ്റമുണ്ടായില്ല.
വിദേശജോലിക്കും സന്ദര്‍ശനത്തിനുമായി പോയവരുടെ എണ്ണം കൂടിയതാണ് വോട്ടിംഗിലെ പിന്നോട്ടടിക്ക് കാരണമെന്നാണ് നിഗമനം. വോട്ടര്പട്ടികയിലേതുപോലെ വോട്ട് ചെയ്തവരിലും സ്ത്രീകളാണ് മുന്നില്‍. 69,231 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പുരുഷന്മാര് 67,134 ആണ്.
മണ്ഡലത്തിലെ 191 ബൂത്തുകളില്‍ നെല്ലിക്കുഴി പഞ്ചായത്തിലെ കുപ്പശേരിമോളം അങ്കണവാടി ബൂത്തിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്തത്. 1,250 വോട്ടര്‍മാരുള്ള ഇവിടെ 1,111 പേര് വോട്ട് രേഖപ്പെടുത്തി. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഊന്നുകല്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ബൂത്തില്‍ 1,273ല്‍ 1,002 പേര് വോട്ട് ചെയ്തു.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കുട്ടമ്പുഴ തേര കമ്മ്യൂണിറ്റി ഹാള്‍ ബൂത്തില്‍ 54ല്‍ 45 പേരും വാരിയംകുടി ബൂത്തില്‍ 82ല്‍ 62 പേരും വോട്ട് രേഖപ്പെടുത്തി. 118 വോട്ടര്‍മാരുള്ള ഇടമലയാര്‍ താളുംകണ്ടത്ത് 94 പേര് വോട്ട് ചെയ്തു. തേര, വാരിയംകുടി, താളുംകണ്ടം എന്നിവ ആദിവാസി ഊരുകളാണ്.






















































