കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ മുതൽ പിണവൂർകുടി സിറ്റി വരെയും, ഇഞ്ചത്തൊട്ടി മുനിപാറ മുതൽ ഏറാലിപ്പടി വരെയും, തട്ടേക്കാട് അംബേദ്കർ നഗറിലും, കുട്ടമ്പുഴ പാലം മുതൽ ഞായപ്പിള്ളി വരെയും, പന്തപ്ര ആദിവാസി നഗർ എന്നീ മേഖലകളിലായിട്ടാണ് 350 എൽ ഇ ഡി ലൈറ്റുകൾ വെളിച്ചം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്.50 വാൾട്ട് പ്രകാശമുള്ള ആധുനീക എൽ ഇ ഡി ലൈറ്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതെന്നും കുട്ടമ്പുഴ പഞ്ചായത്തിന്റെ ഭാഗമായ വടാട്ടുപാറ മേഖലയിൽ നേരത്തെ എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെയുള്ള പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിച്ച് ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കിയിരുന്നു.
കൂടാതെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.50 വോൾട്ട് പ്രകാശവും 3 വർഷ ഗ്യാരണ്ടിയുമുള്ള 350 ആധുനിക എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.പുതിയതായി 350 ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി രണ്ടാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.കൂടാതെ
പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ സ്ട്രീറ്റ് മെയിൻ വലിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡം പ്രവർത്തി നിർവഹിക്കുന്നതിന് തടസ്സമായ സാഹചര്യത്തിൽ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന് കത്ത് നൽകിയതായും എം എൽ എ കൂട്ടിച്ചേർത്തു.