എൽ കെ ജി മുതൽ വിവിധമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി ഒന്നാംക്ലാസ്സുകാരി കലാരംഗത്ത് ശ്രദ്ധനേടുന്നു. കോതമംഗലം പിണ്ടിമനയിൽ കേളംകുഴയ്ക്കൽ സിബി-സാൽവി ദമ്പതികളുടെ ഇളയമകൾ രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ നിയ സിബിയാണ് ആ കൊച്ചു മിടുക്കി. പ്രസംഗം, കഥ, നാടോടിനൃത്തം, ഡാൻസ്,ചിത്രരചന തുടങ്ങിയവയിലാണ് ആൻ നിയ കഴിവ് തെളിയിച്ചിട്ടുള്ളത്. എൽ കെജി യിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്തെ കഴിവുകൾ തിരിച്ചറിഞ്ഞ് മാതാപിതാക്കൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയായിരുന്നു. 2024 -ൽ കോതമംഗലം വിദ്യാദ്യാസ ഉപജില്ല കലോൽസവത്തിൽ കഥാകഥനത്തിന് A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചു. സ്കൂൾ കലോൽസവത്തിൽ പ്രസംഗത്തിന് A ഗ്രേഡ്ടോടുകൂടി ഒന്നാം സ്ഥാനവും കഥ കഥനം, നാടോടിനൃത്തം എന്നിവയ്ക്ക് A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും ലഭിച്ചു. സ്കൂൾ തല മത്സരം പോലെ തന്നെ ആത്മീയ- മത രംഗത്തെ മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ ആൻ നിയക്ക് ലഭിച്ചിട്ടുണ്ട്. സി എം സി കാർമ്മൽ പ്രോവിൻൻസും സി. എം . ഐയും ചേർന്ന് അഖിലകേരളാടിസ്ഥാനത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ പ്രോവിൻസ് തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ ഒന്നാം ക്ലാസ്സുകാരി നേടുകയുണ്ടായി. ഇടവക തലത്തിലും സൺണ്ടേ സ്കൂൾ തലത്തിലും ആൻ നിയക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഒരു ഡാൻസറാകുക എന്നലക്ഷ്യത്തോടെ ക്ലാസ്സിക്കൽ ഡാൻസ് പഠിക്കുന്ന ആൻ നിയ ഫെബ്രുവരിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മാതാപിതാക്കളോടൊപ്പം രാമല്ലൂർ സ്കൂളിലെ അധ്യാപകരും മികച്ച പിന്തുണയും പ്രോൽസഹനവുമാണ് നൽകുന്നതെന്ന് ആൻ നിയ പറഞ്ഞു.