കോതമംഗലം: ജാതിമത ഭേദമന്യേ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി മേഖലയിലെ ശ്രദ്ധേയമായ സാമൂഹിക-സാംസ്‌കാരിക സൗഹൃദകൂട്ടായ്മയായി മാറിയ മഹബ്ബത്തുറസൂല്‍ ദശവാര്‍ഷിക സമ്മേളനം നാളെ (08.10.2023) കോതമംഗലത്ത് താജുല്‍ ഉലമാ നഗറില്‍ (തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) നടക്കും. കേരള മുസ്്ലിം ജമാഅത്തിന് കീഴില്‍ മേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ 9 വര്‍ഷമായി നടന്നുവരുന്ന പരിപാടി നിരവധി സാന്ത്വന ജീവകാരുണ്യ പദ്ധതികളുടെ സാക്ഷാത്കാര വേദി കൂടിയാണ്.
വൈകിട്ട് നാലിന് നെല്ലിക്കുഴി പഞ്ചായത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സന്ദേശറാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകും പ്രവാചക പ്രേമികളും പങ്കെടുക്കും. തുടര്‍ന്ന് 4.30 ന് സമ്മേളന നഗരിയില്‍ സയ്യിദ് അഹ്മദുല്‍ ബദവി തങ്ങള്‍ അല്‍ മുഖൈബിലി പതാക ഉയര്‍ത്തും. 4.40 ന് സയ്യിദ് ശഹീര്‍ തങ്ങള്‍ അല്‍ ഐദറൂസിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി സാദാത്തീങ്ങളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
തുടര്‍ന്ന് 6.30ന് സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതു സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ ഇ എം നൂറുദ്ദീന്‍ വെണ്ടുവഴി സ്വാഗതവും കെ എം ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി ആമുഖ പ്രഭാഷണവും നടത്തും.
ഡോ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ പാലിയേറ്റീവ് പദ്ധതി സമര്‍പ്പണവും, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി സി ടി ഹാഷിം തങ്ങള്‍ റേഷന്‍ പദ്ധതി കാര്‍ഡ് കൈമാറ്റവും നിര്‍വഹിക്കും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫിയും മഈശ പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറും നിര്‍വഹിക്കും. താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണ പദ്ധതി പ്രഖ്യാപനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയും മെഡിക്കല്‍ കാര്‍ഡ് കൈമാറ്റം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദും നിര്‍വഹിക്കും.
തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സി കെ റാഷിദ് ബുഖാരി ഇരിങ്ങല്ലൂര്‍ മുഖ്യപ്രഭാഷണവും ബദുറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സ്വലാത്ത് സമര്‍പ്പണ ദുആയും നിര്‍വഹിക്കും.നിരവധി പണ്ഡിതരും രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനത്തിന് സ്വാഗതസംഘം ട്രഷറര്‍ നൗഷാദ് മദനി നന്ദിപറയും.
