കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങള്‍ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്ത്യയില്‍ ഒന്നാമതാക്കും. അതിനുള്ള മാസ്റ്റര്‍ പ്ലാന്‍ യുഡിഎഫ് തയാറാക്കികഴിഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണ്. അതിനുള്ള പരിഹാരമാണ് ഏറ്റവും ആദ്യം നടപ്പാക്കാന്‍ പോകുന്നത്. ആറര ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം. സമ്പദ്ഘടന പുനര്ജീവിപ്പിക്കാന് വിഭവസമാഹരണം ശക്തിപ്പെടുത്തുകയും കാര്യക്ഷമമായ ഭരണനൈപുണ്യം നടപ്പാക്കുകയും ചെയ്യണം. അങ്ങനെ ഖജനാവിനെ മിച്ചത്തിലാക്കുകയും ജനാഭിലാഷ വികസനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി യുഡിഎഫിന് നഷ്ടമായ കോതമംഗലം നിയമസഭാ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ടി യു കുരുവിള അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, അനൂപ് ജേക്കബ് എംഎല്‍എ,
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എം.എസ്. എല്‍ദോസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ മുഹമ്മദ് ഷാ, എന്‍.വി.സി. അഹമ്മദ്, ഇ.എം. മൈക്കിള്‍, എ.ജി. ജോര്‍ജ്, ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, കെ.പി. ബാബു തുടങ്ങിയവരും പ്രസംഗിച്ചു.






















































