കോതമംഗലം: ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു. മനുഷ്യന്റെ ജീവനും, നിലനില്‍പ്പിനും നിരന്തരം ഭീഷണി ഉയര്‍ത്തുന്ന വന്യജീവി ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ അതിരൂക്ഷമാകുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാതെയുള്ള അലംഭാവത്തിനെതിരെയാണ് വേറിട്ട പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ആദിവാസി സമൂഹം അടക്കം 25000 ന് മുകളില്‍ ജനങ്ങള്‍ അധിവസിക്കുന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന കവാടമായ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കാട്ടാനയെ പേടിക്കാതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ് ഉള്ളത്. നൂറ്റാണ്ടുകളായി മനുഷ്യര്‍ സഞ്ചരിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായ ഈ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ പകല്‍ പോലും യാത്ര ചെയ്യുവാന്‍ സാധ്യമല്ലാത്ത അവസ്ഥയാണെന്ന് ഫാം ജനറല്‍ സെക്രട്ടറി സിജു മോന്‍ ഫ്രാന്‍സിസ് പറഞ്ഞു.
ഈ റോഡില്‍ കാട്ടാന ആക്രമണം മൂലം മരണം വരെ സംഭവിച്ചിട്ടും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ, യാത്രക്കാര്‍ക്ക് കാഴ്ച മറയ്ക്കുന്ന അടിക്കാടുകള്‍ വെട്ടി നീക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സാരി വേലി കെട്ടി പ്രതിഷേധിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദു പൗലോസ് എന്നിവര്‍ പറഞ്ഞു.
സ്വസ്ഥമായ സഞ്ചാര പാത ഒരുക്കാന്‍ റോഡരിരകിലെ കാടുവെട്ടുന്നതിന് പോലും വനം വകുപ്പിന് ഫണ്ടില്ല എന്നതും, രാത്രികാലങ്ങളില്‍ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യുന്നവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാം എന്ന് പറയുന്നതല്ലാതെ നടപടികള്‍ ഇല്ലാത്തതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് റീനാ ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്,ഫാ. ജോസ് ചിരപ്പറമ്പില്‍, ഫാ. സിബി ഇടപ്പുളവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































