കോതമംഗലം: യുവ കലാകാരന്മാർക്കായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് കോതമംഗലം നെല്ലിക്കുഴി സ്വദേശി കെ.ബി ഷെമീർ അർഹനായി. മാപ്പിള കോൽക്കളി വിഭാഗത്തിലാണ് യുവ അധ്യാപകനും, അടിവാട് മാലിക് ദിനാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലുമായ ഷെമീർ ഫെലോഷിപ്പ് സ്വന്തമാക്കിയത്. അധ്യാപക ജോലിയോടൊപ്പം തന്നെ കലാപ്രവർത്തനവും സമന്വയിപ്പിച്ചു മുന്നോട്ടു പോകുന്ന വ്യക്തിയാണ് ഇദ്ദേഹം. പ്രഭാഷകനും, എഴുത്തുകാരനുമായ ഷെമീർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമാണ്. പരമ്പരാഗത മാപ്പിള കലാ കുടുംബാംഗവും കോതമംഗലം താലൂക്കിൽ അറിയപ്പെടുന്ന മാപ്പിള കലാകാരനുമായ നെല്ലിക്കുഴി കൊട്ടുകാപ്പിള്ളി വീട്ടിൽ
കെ. ഇ ബഷീറിന്റെയും,ഷെരീഫയുടെയും മകനാണ്.ഭാര്യ:സജിത കമാൽ പാഷ.
മക്കൾ: ഐസിൻ സഹ്റാൻ ,എയ്സൽ മെഹ്റിഷ്.
