Connect with us

Hi, what are you looking for?

CRIME

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയില്‍.

കോതമംഗലം: സ്വർണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ രണ്ട് പേർകൂടി കോതമംഗലം പോലീസിന്‍റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം വീട്ടിൽ സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് വീട്ടിൽ അഭിലാഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ വടുതല പുന്നക്കാട്ട്ശ്ശേരി കണ്ടെയ്നർ സാബു എന്ന് വിളിക്കുന്ന സാബു, ചക്കരപ്പറമ്പ് പുൽപറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്ന് വിളിക്കുന്ന നിധിൻ ആന്‍റെണി, ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടിൽ ആന്‍റെണി റിജോയ്, വരാപ്പുഴ പാലക്കാപറമ്പിൽ വീട്ടിൽ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നാം തീയതി ഇടുക്കി രാജാക്കാട് സ്വര്‍ണ്ണാഭരണകട നടത്തുന്ന ബെഷി എന്നയാള്‍ സ്വര്‍ണ്ണം വാങ്ങുവാനായി കാറില്‍ രാജകമാരിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന വഴി, തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജിനു സമീപം പ്രതികൾ കാറിനെ വട്ടം വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി വന്ന പ്രതികള്‍ ശ്രമിച്ചത്. കണ്ടെയ്നർ സാബുവും, സജിത്തും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ്. കേസിലെ പ്രതിയായ രാജകുമാരിയിലുള്ള എൽദോ മാത്യു ആക്രമിക്കപ്പെട്ട ജ്വല്ലറി ഉടമയുടെ സമീപത്ത് കട നടത്തുന്നയാളാണ്. എൽദോ മാത്യുവും മറ്റ് പ്രതികളും ചേര്‍ന്നുള്ള ഗൂഡാലോചനയെ തുടര്‍ന്നാണ് ഈ കവര്‍ച്ചാ ശ്രമം നടന്നിട്ടുള്ളത്.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ന്‍റെ മേല്‍നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി സി.ജി.സനിൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി. അനിൽ, സബ് ഇൻസ്പെക്ടർമാരായ പി.ഡി. അനുപ് മോൻ, രാജേഷ് എ.എസ്.ഐമാരായ മുഹമ്മദ്‌, രഘുനാഥ്, ഷിബു, ബിജു ജോൺ സി.പി.ഒ മാരായ സുനില്‍ മാത്യു, അനൂപ്, ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like